ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കുനേരെ അതിക്രമമുണ്ടായത് മുതല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ ടൗണ്‍ഈസ്റ്റ് പൊലീസ് സ്റ്റേഷനെ സമീപിച്ച് കെഎസ്‌യു. കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ പേരിലാണ് പരാതി. കന്യാസ്ത്രീകള്‍ ജയിലിലായ ഘട്ടത്തിലൊക്കെയും അവരെ മോചിപ്പിക്കാന്‍ സുരേഷ് ഗോപി ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആ സമയം സുരേഷ് ഗോപിയെ മണ്ഡലത്തില്‍ ഒരിടത്തും കണ്ടില്ലെന്നതിലെ പ്രതിഷേധമാണ് കെഎസ്‌യു ഈ വിധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസഹമന്ത്രിയും തൃശ്ശൂര്‍ എംപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നാണ് കെഎസ്‌യുവിന്റെ പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതി വ്യാപക ചര്‍ച്ചയാകുകയാണ്.
കേരളത്തില്‍ ക്രൈസ്തവരോട് അടുക്കുകയും ഉത്തരേന്ത്യയില്‍ അവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നത് സുരേഷ് ഗോപി ഉള്‍പ്പെടെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിയുടെ പേരെടുത്ത് പറഞ്ഞ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ വിമര്‍ശിച്ചുവെങ്കിലും മന്ത്രി സുരേഷ് ഗോപി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.