അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതിയ ഭാരവാഹി പട്ടികയിൽ സുരേഷ് ഗോപിക്കും അതൃപ്തിയുള്ളതായി സൂചന. തൃശൂർ ജില്ല പ്രസിഡൻ്റായിരുന്ന കെ കെ അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കാത്തതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്.

സുരേഷ് ഗോപിയുടെ അടുപ്പക്കാരായ പി ആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെയും പരിഗണിച്ചില്ല. ആഘോഷമായി നടത്തിയ ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല. ഇതിനായി സുരേഷ് ഗോപി നേരത്തേ അമിത് ഷായിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
കോട്ടത്തെയും കൊച്ചിയിലെയും പരിപാടികളിൽ സുരേഷ് ഗോപി ഇന്ന് പങ്കെടുത്തിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് സുരേഷ് ഗോപി രണ്ട് പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി പത്തരയോടെ അമിത് ഷായെ സ്വീകരിക്കാൻ എയർപോർട്ടിലും എത്തിയിരുന്നു. അമിത് ഷാ വൈകുമെന്നറിഞ്ഞ് എയർപോർട്ടിൽ നിന്നും സുരേഷ് ഗോപി മടങ്ങി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തിലെത്തിയത്. ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തിൽ സംസ്ഥാനത്തെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.