ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.
15 മിനിട്ട് എസ്‌ഐ വാഹനത്തില്‍ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താന്‍ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്.
നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതില്‍ പൊലീസ് അസോസിയേഷനുള്‍പ്പെടെ എതിര്‍പ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് അസോസിയേഷന്‍കാര്‍ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.