കർഷക പ്രക്ഷോഭ വേദിയായ സിംഘുവിൽ വീണ്ടും സംഘർഷം. കർഷകരെ ഒഴിപ്പിക്കാനായി പ്രദേശവാസികളെന്ന പേരിലെത്തിയ കേന്ദ്രസർക്കാർ അനുകൂലികൾ സമരക്കാരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘമെത്തിയത്.
കർഷകരും പ്രതിഷേധവുമായി എത്തിയ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. കർഷക സംഘടനകൾ രാജ്യദ്രോഹം ചെയ്യുന്നതായും ദേശീയ പതാകയെ അപമാനിച്ചതായും ഇവർ ആരോപിച്ചു. ടെന്റുകൾ പൊളിക്കാനുള്ള നീക്കം കർഷകർ ചെറുത്തു. പിന്നാലെ പോലീസ് ലാത്തി വീശി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്