രാജ്യത്ത് അൺലോക്ക് രണ്ടാം ഘട്ടം പിന്നിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. രാത്രി നിശ്ചിത സമയത്തിനപ്പുറം വീടുവിട്ടു പുറത്തിറങ്ങാൻ ആർക്കും അനുമതിയില്ല. നൈറ്റ് കർഫ്യൂ നിലവിലുണ്ട് രാജ്യത്തെല്ലായിടത്തും. ഗുജറാത്തിലെ പൊതുജനത്തിന്0 കർഫ്യൂ ബാധകമായിട്ടുള്ളത് രാത്രി പത്തിനും അഞ്ചിനും ഇടയിലാണ്. ഈ സമയത്ത് പുറത്തിറങ്ങാൻ വളരെ അടിയന്തരമായ എന്തെങ്കിലയും കാരണം ഉണ്ടായിരിക്കണം. ഒപ്പം കൃത്യമായി മാസ്കും ധരിച്ചിരിക്കണം. ഇത് സർക്കാർ ഉത്തരവാണ്. പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
കൊവിഡിന് മുന്നിൽ വലിപ്പച്ചെറുപ്പമില്ല. അത് പണക്കാരനെയും പാവപ്പെട്ടവനെയും കൂലിവേലക്കാരനെയും ഐഎഎസ് ഓഫീസറെയും ഒരുപോലെ പിടികൂടുന്ന ഒരു മാരക രോഗമാണ്. അതുകൊണ്ട് സർക്കാർ ഒരു നിയമം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് പാലിക്കാൻ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണ്. രാജ്യത്തെ തെരുവുകളിൽ രാത്രി ബീറ്റ് പൊലീസിങ്ങിന് നിയുക്തരാകുന്ന കോൺസ്റ്റബിൾമാരുടെ സ്വാഭാവികമായ കർത്തവ്യങ്ങളിൽ ഒന്ന് ജനങ്ങൾ നൈറ്റ് കർഫ്യൂ പാലിക്കുന്നുണ്ട് എന്നുറപ്പിക്കുക കൂടിയാണ്. തന്റെ ഡ്യൂട്ടി സ്തുത്യർഹമായി ചെയ്തു എന്നതിന്റെ പേരിൽ ചില്ലറ പ്രയാസങ്ങളൊന്നുമല്ല ഗുജറാത്ത് പൊലീസിലെ സിവിൽ പൊലീസ് ഓഫീസറായ സുനിത യാദവിന് നേരിടേണ്ടി വന്നത്.
ഗുജറാത്തിലെ ടെക്സ്റ്റൈൽ നഗരമായ സൂറത്തിലെ മംഗത് ചൗക്കിൽ നൈറ്റ്ഡ്യൂട്ടിയിൽ നിൽക്കുകയായിരുന്നുസുനിത യാദവ്. രാത്രി പത്തരമണിയോടെ ഒരു കാർ ആ വഴി കടന്നുവന്നു. പതിവ് പരിശോധനകൾക്കായി സുനിതാ യാദവ് ആ കാർ തടഞ്ഞു നിർത്തി. കാറിനുള്ളിൽ അഞ്ചുപേരുണ്ടായിരുന്നു. “എങ്ങോട്ടു പോകുന്നു ഈ നൈറ്റ് കർഫ്യൂ സമയത്ത്?” എന്ന സുനിതയുടെ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി നല്കാൻ അവർക്ക് സാധിച്ചില്ല എന്നുമാത്രമല്ല അവരിൽ ഒരാൾ പോലും മാസ്ക് ധരിച്ചിരുന്നുമില്ല.
സ്വാഭാവികമായും സുനിത ക്ഷുഭിതയായി. ആ വാഹനത്തിന്റെ താക്കോൽ അവർ ഊരിയെടുത്തു. നഗരത്തിൽ ഇങ്ങനെ കൊവിഡ് പടർന്നുപിടിച്ച സമയത്ത് ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്നത് ശരിയാണോ എന്ന് അവർ ചോദിച്ചു. എന്നാൽ താൻ ഇതൊക്കെ ചോദിക്കുന്നത് ആരോടാണ് എന്ന കാര്യം അപ്പോൾ സുനിതയ്ക്ക് അറിയില്ലായിരുന്നു. ആ കാർ സംസ്ഥാന ആരോഗ്യമന്ത്രി കുമാർ കാനാനിയുടേതായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരും പാർട്ടി പ്രവർത്തകരും. വണ്ടി വിട്ടുകിട്ടില്ല എന്ന് കണ്ടപ്പോൾ ആ അഞ്ചുപേരിൽ ഒരാൾ മന്ത്രിപുത്രനായ പ്രകാശിനെ വിളിച്ചുവരുത്തി. “നൈറ്റ് കർഫ്യൂ നിങ്ങൾക്ക് ബാധകമല്ലെന്നുണ്ടോ? ” എന്ന് സുനിത വീണ്ടും ചോദിച്ചപ്പോൾ അവരിൽ ഒരാൾ തിരിച്ച് ചൂടായി, “ഞാൻ ആരാണെന്നറിയുമോ? ആരോഗ്യമന്ത്രി കുമാർ കാനാനിയുടെ മകൻ പ്രകാശ് ആണ് ഞാൻ. ” തുടക്കത്തിലെ വാക് തർക്കത്തിന് ശേഷം, പ്രകാശിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ സുനിതയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി.
അതോടെ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ കരണത്ത് സുനിത ഒന്ന് പൊട്ടിച്ചു. എന്നിട്ട് പറഞ്ഞു, “നിങ്ങൾ മന്ത്രിയുടെ മകനും സിൽബന്ദികളും ആണെങ്കിൽ ആദ്യം നിയമം ബാധകമാവുക നിങ്ങൾക്കാണ്. ആദ്യം ഈ നൈറ്റ് കുമാർ കർഫ്യൂ പാലിക്കേണ്ടത് നിങ്ങളാണ്.”
അതിനു ശേഷം സുനിതയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി കുമാർ കാനാനിയുടെ ഫോണും വന്നു. അദ്ദേഹത്തോട് സുനിത അവിടെ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു. അതിനു ശേഷം സുനിത മന്ത്രിയോട്, ” അങ്ങയുടെ മകൻ ഇങ്ങനെ നൈറ്റ് കർഫ്യൂ ലംഘിച്ച് പാതിരാക്ക് കറങ്ങി നടക്കുന്നത് അങ്ങയുടെ അറിവോടുകൂടിയാണോ?” എന്ന് ചോദിച്ചു. ആ ചോദ്യം കാനാനിയെ ചൊടിപ്പിച്ചു. സുനിതയോട് തിരിച്ച് “എന്നോട് തർക്കിക്കാനും മാത്രം ധൈര്യം നിനക്കുണ്ടോ? അവൻ എന്റെ മകനാണ്. യാത്ര ചെയ്യുന്നത് എന്റെ ഔദ്യോഗിക വാഹനത്തിലാണ്. അങ്ങനെ ചെയ്യാൻ അവന് അധികാരമുണ്ട്” എന്ന് മറുപടി പറഞ്ഞു.
അതിനു ശേഷം സുനിത വറാച്ച പൊലീസ് സ്റ്റേഷനിൽ വിളിച്ച് സംഭവം വിവരിച്ചു. സുനിത ഇടഞ്ഞത് മന്ത്രിപുത്രനോടാണ് എന്നറിഞ്ഞപ്പോൾ, അവിടത്തെ ഇൻസ്‌പെക്ടർ പോലും അവരുടെ കൂടെ നിന്നില്ല.”നിങ്ങളുടെ ജോലി ബീറ്റ് പരിധിയിൽ ഏതെങ്കിലും ടെക്സ്റ്റയിൽ യൂണിറ്റ് രാത്രി തുറന്നു പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കലാണ്. അല്ലാതെ വഴിയേ പോകുന്നവരെ തടഞ്ഞു നിർത്തൽ അല്ല.” എന്നായിരുന്നു ഇൻസ്‌പെക്ടറുടെ ശകാരം. എത്രയും പെട്ടെന്ന് ഇനി വീട്ടിൽ പോയി ഇരുന്നോളാനായിരുന്നു സുനിതയ്ക്ക് ആ ഇൻസ്പെക്ടറിൽ നിന്ന് കിട്ടിയ അടുത്ത ഓർഡർ.
സംഭവത്തിന് ശേഷം മന്ത്രി പുത്രൻ പ്രകാശും സംഘവും ചേർന്ന് ആ വാക് തർക്കത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലാക്കി. അതിൽ മന്ത്രിപുത്രൻ തന്റെ അധികാരത്തെപ്പറ്റി വീമ്പടിക്കുന്നത് കേൾക്കാം. “ഞാൻ വിചാരിച്ചാൽ, നിന്നെ ഇതേ സ്പോട്ടിൽ വർഷത്തിൽ 365 ദിവസവും അനങ്ങാതെ നിർത്താനാകും. കാണണോ നിനക്ക്?” എന്ന് ചോദിക്കുന്നത് കേൾക്കാം. “അങ്ങനെ ചെയ്യാൻ ഞാൻ നിന്റെ അച്ഛന്റെ വീട്ടുവേലക്കാരിയോ അടിമയോ ഒന്നുമല്ല.” എന്ന് സുനിതായാദവ് അപ്പോൾ തന്നെ മറുപടി പറയുന്നതും ക്ലിപ്പിലുണ്ട്. മന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദമുണ്ടായതോടെ അടുത്ത ദിവസം തന്നെ സുനിത യാദവിനെ ബീറ്റ് ഡ്യൂട്ടിയിൽ നിന്ന് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്തു. ചെയ്യേണ്ട ഡ്യൂട്ടി കൃത്യമായി ചെയ്തത്തിന് സുനിതക്ക് കിട്ടിയ പ്രതിഫലം സ്ഥലംമാറ്റം ആയിരുന്നു. അതോടെ ആത്മാഭിമാനം വ്രണപ്പെട്ട സുനിത യാദവ് അന്നുതന്നെ തന്റെ ജോലി രാജിവെച്ചിറങ്ങിപ്പോയി.
സുനിതയുടെ രാജിവിവരം പുറത്തു വന്നതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ജനം സുനിതയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നു. #isupportsunitayadav എന്ന ഹാഷ് ടാഗിൽ ഒരു കാമ്പെയ്ൻ ട്വിറ്ററിൽ ട്രെൻഡ് ചെയ്യാൻ തുടങ്ങി. വനിതാ കമ്മീഷനും മറ്റു പല രാഷ്ട്രീയ നേതാക്കളും സുനിത യാദവിന് നീതികിട്ടണം എന്ന് മുറവിളി കൂട്ടാൻ തുടങ്ങി. സംഗതി സൂറത്ത് പൊലീസ് കമ്മീഷണർ ആർ ബി ബ്രഹ്മഭട്ടിന്റെ മുന്നിൽ എത്തിയതോടെ അദ്ദേഹം എസിപി സ്‌പെഷ്യൽ ബ്രാഞ്ച് പിഎൽ ചൗധരിയെ വിളിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം മന്ത്രി പുത്രൻ പ്രകാശിനെയും രണ്ടു സുഹൃത്തുക്കളെയും കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ, ഈ വിഷയത്തിൽ മന്ത്രി കുമാർ കാനാനിയുടെ വിശദീകരണം ഇങ്ങനെ, “സിവിൽ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ അടിയന്തരമായി പോവുന്ന വഴിക്കാണ് വനിതാ കോൺസ്റ്റബിൾ അവനെ തടഞ്ഞു നിർത്തിയത്. അവൻ കടത്തിവിടണം എന്ന് പറഞ്ഞപ്പോൾ നിസ്സാരമായ കാരണത്തിന്റെ പേരിൽ അവനെ തടഞ്ഞു നിർത്തുകയായിരുന്നു. ഇരുപക്ഷവും പരസ്പരം വേണ്ടപോലെ മനസ്സിലാക്കിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ എല്ലാം തന്നെ ഒഴിവാക്കാമായിരുന്നു.”