മലചവിട്ടിയത് ഏഴ് ലക്ഷം ഭക്തർ; തിരക്കുമായി ബന്ധപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്.ഇന്നലെ 79,575 പേരാണ് മലചവിട്ടിയത്. ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവദിച്ചിരുന്നു. വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തിയത്.

കൃത്യമായ ക്രമീകരണം നടത്തിയതോടെ വലിയ നടപ്പന്തലിൽ കാത്തുനിൽക്കാതെ തന്നെ തീർഥാടകർക്ക് പതിനെട്ടാംപടി ചവിട്ടാനായി.അതിനിടെ അവലോകന യോഗ തീരുമാന പ്രകാരം താൽക്കാലിക ജീവനക്കാരേയും ശുചീകരണ തൊഴിലാളികളെയും നിയമിക്കാനുള്ള അപേക്ഷ ദേവസ്വം ബോർഡ്‌ ക്ഷണിച്ചു. ഇവരുടെ നിയമനത്തോടെ കൂടുതൽ സ‍ൗകര്യങ്ങൾ തീർഥാടകർക്ക്‌ നൽകാനാകുമെന്ന പ്രതീക്ഷയിലാണ്‌ ദേവസ്വം ബോർഡ്‌.