കോവളത്ത് ഭഗത് റൂഫസ് മത്സരിക്കും, സീറ്റ് ISJDയിൽ നിന്ന് സിപിഐഎം ഏറ്റെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ കോവളത്തെ സീറ്റ് ISJDയിൽ നിന്ന് സിപിഐഎം ഏറ്റെടുത്തു. കോവളത്ത് ഭഗത് റൂഫസ് മത്സരിക്കും. കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്വതന്ത്രനായാകും മത്സരിക്കുക. ഭഗത് റൂഫസിന്റെ സ്ഥാനാർഥിത്വം എൽഡിഎഫ് അംഗീകരിച്ചു. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോവളം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി ഭഗത് റൂഫസിനെ തീരുമാനിച്ചുവെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.ആർജെഡി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചായിരുന്നു ഭഗത് റൂഫസ് ഐഎസ്ജെഡിയിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആർജെഡിയെപ്പോലെ ഐഎസ്ജെഡിയുടെയും മത്സരം 3 സീറ്റുകളിലേക്കു ചുരുങ്ങും.ജില്ലാ പഞ്ചായത്ത് മുൻ അംഗം കൂടിയാണു ഭഗത് റൂഫസ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.എൻ.സുരേഷും സ്ഥാനാർഥിത്വം ആഗ്രഹിച്ച് ഐഎസ്ജെഡിയിലെത്തിയിരുന്നു.

കോവളം സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന നിർദേശം നേരത്തേ ജില്ലാ കമ്മിറ്റി ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റും ഘടകകക്ഷികളിൽ നിന്ന് ഏറ്റെടുക്കണ്ട എന്നു സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇരു പാർട്ടികളും അവകാശവാദം ഉന്നയിക്കുകയും കഴിഞ്ഞതവണ മുന്നണിക്കു നഷ്ടമായ ഏക സീറ്റിൽ മികച്ച ജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്നു സിപിഎം നിർബന്ധം പിടിക്കുകയും ചെയ്തതോടെയാണു പൊതു സ്വതന്ത്രൻ എന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയത്.