ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യത്തില്‍ നിന്ന് വിട്ടു. ആറു മണ്ഡലങ്ങളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഒറ്റയ്ക്ക് മത്സരിക്കും. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലാണ് മഹാസഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് നേരത്തെ ജെ എം എം ആവശ്യപ്പെട്ടിരുന്നു.സീറ്റ് നല്‍കാന്‍ നേതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം.
ജെഎംഎം മാത്രമല്ല മഹാസഖ്യത്തിന് മുന്നിലുള്ള പ്രതിസന്ധി. ഏഴു മുതല്‍ എട്ടുവരെ മണ്ഡലങ്ങളില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഇടതു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരസ്പരം മത്സരിച്ചേക്കുമെന്നും വിവരമുണ്ട്. സീറ്റ് ധാരണയാകാത്തതിനാലാണ് സൗഹൃദ മത്സരത്തിനും കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് എതിരെ ആര്‍ജെഡി സ്ഥാനാര്‍ഥി മത്സരിക്കും.
കോണ്‍ഗ്രസ് ബീഹാര്‍ അധ്യക്ഷന്‍ രാജേഷ് റാം മത്സരിക്കുന്ന കുടുംബ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയും മത്സരിച്ചേക്കും. വൈശാലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജീവ് സിംഗിനെതിരെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി അഭയ് കുശ്വാഹ മത്സരിക്കും. ലാല്‍ഗഞ്ചില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദിത്യ രാജിനെതിരെ ആര്‍ജെഡി സ്ഥാനാര്‍ഥി ശിവാനി സിംഗ് മത്സരിച്ചേക്കും.മഹാസഖ്യം പരസ്പരം മത്സരിക്കുന്നത് നല്ലതിനല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചിരുന്നു.
മഹാസഖ്യത്തില്‍ തമ്മിലടി എന്ന് ബിജെപി ആരോപിച്ചു. രേഖകളില്‍ പാകപ്പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി എല്‍ജിപി സ്ഥാനാര്‍ഥി സീമാ സിംഗ് നല്‍കിയ നാമനിര്‍ദ്ദേശപത്രിക തള്ളി. തിരഞ്ഞെടുപ്പില്‍ 20 സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഐഎംഎല്‍ പ്രഖ്യാപിച്ചു. അതിനിടെ വിജയിച്ച എംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന അമിത്ഷായുടെ പരാമര്‍ശത്തില്‍ ജെ ഡി യു വിലും അതൃപ്തി ഉണ്ട്.