Headlines

കെ സി വേണുഗോപാല്‍ ഞങ്ങളുടെ എല്ലാവരുടേയും നേതാവാണ്,അദ്ദേഹം ആരേയും വെട്ടിയൊതുക്കാറില്ല: ചാണ്ടി ഉമ്മന്‍

തന്നോട് അടുത്തുനില്‍ക്കുന്നവരെ പാര്‍ട്ടി തഴഞ്ഞെന്ന പേരില്‍ താന്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെ സി വേണുഗോപാല്‍ തങ്ങളുടെ എല്ലാവരുടേയും നേതാവാണെന്നും അദ്ദേഹം ആരേയും വെട്ടിയൊതുക്കാറില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ പറഞ്ഞെന്ന പേരില്‍ നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. യുഡിഎഫ് വിശ്വാസ സംരക്ഷണജാഥയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പങ്കെടുത്തിട്ട് വരികയാണ് താനെന്നും ഇതെല്ലാം മാധ്യമങ്ങളുണ്ടാക്കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയില്‍ അസംതൃപ്തി ഇല്ലേ എന്ന ചോദ്യത്തിന് അതെല്ലാം കോണ്‍ഗ്രസിനുള്ളില്‍ പറയേണ്ടത് അവിടെത്തന്നെ പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനുമാണ് ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.

കെപിസിസി ഭാരവാഹി പുനസംഘടനയില്‍ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല വന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും. കെ മുരളീധരനെയും കെ സുധാകരനെയും ഇക്കാര്യം ബോധ്യപ്പെടുത്തും.ചാണ്ടി ഉമ്മന് ഉയര്‍ന്ന പദവി നല്‍കാനും ആലോചനയുണ്ട്.