മഹാപ്രതിസന്ധിയില്‍ മഹാസഖ്യം; എട്ട് സീറ്റുകളില്‍ വരെ സൗഹൃദ മത്സരത്തിന് സാധ്യത

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെയും മഹാസഖ്യത്തില്‍ പ്രശ്‌നങ്ങളൊഴിയുന്നില്ല. ഏഴു മുതല്‍ എട്ടു സീറ്റുകളില്‍ വരെ സൗഹൃദ മത്സരത്തിന് സാധ്യത. കോണ്‍ഗ്രസ് ബീഹാര്‍ അധ്യക്ഷന്‍ രാജേഷ് റാം മത്സരിക്കുന്ന കുടുംബ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയും മത്സരിച്ചേക്കും. വൈശാലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജീവ് സിംഗിനെതിരെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി അഭയ് കുശ്വാഹ മത്സരിക്കും.

ലാല്‍ഗഞ്ചില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദിത്യ രാജിനെതിരെ ആര്‍ജെഡി സ്ഥാനാര്‍ഥി ശിവാനി സിംഗ് മത്സരിച്ചേക്കും. മഹാസഖ്യം പരസ്പരം മത്സരിക്കുന്നത് നല്ലതിനല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. മഹാസഖ്യത്തില്‍ തമ്മിലടി എന്ന് ബിജെപി ആരോപിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജ്വസി യാദവിനെ പ്രഖ്യാപിച്ചിട്ടില്ലെന്നും മഹാസഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ചിരാഗ് പസ്വാന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ 20 സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഐഎല്‍ പ്രഖ്യാപിച്ചു.

അതിനിടെ വിജയിച്ച എംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന അമിത്ഷായുടെ പരാമര്‍ശത്തില്‍ ജെഡിയു നേതാക്കള്‍ അതൃപ്തിയിലാണ്. വിജയിച്ചാല്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ പറഞ്ഞു.