അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന ഉണ്ണികൃഷ്ണൻ പോറ്റി. ഇപ്പോൾ ഒന്നും പറയാനില്ല, വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തന്നെ കുടുക്കിയതാണെന്ന് പോറ്റി ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂരിലെ വീട്ടിൽ എസ്.ഐ.ടി. പരിശോധന തുടരുകയാണ്. തട്ടിയെടുത്ത സ്വർണ്ണം എവിടെയെന്ന് കണ്ടെത്താനാണ് രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നത്.
തട്ടിയെടുത്ത സ്വർണം എവിടെ സൂക്ഷിച്ചു എന്നത് അടക്കമുള്ള നിർണായക ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി നൽകിയിട്ടില്ല. ഹൈദരാബാദിൽ സ്വർണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെയും, പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരേയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും രണ്ടു കിലോ സ്വർണ്ണം കവർച്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവിൽ എസ്ഐടി അന്വേഷണം. ഇന്നലെ വൈകുന്നേരം മുതൽ എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ല.
2019 ൽ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വർണ്ണപ്പാളി ബംഗളൂരുവിൽ നിന്നും ഹൈദരബാദിൽ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്. പൂജിക്കാൻ കൊണ്ട് പോയി എന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി എസ്ഐടി സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. സ്വർണ്ണപ്പാളികൾ ഹൈദരബാദിൽ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. നാഗേഷിനെ കണ്ടെത്തി ഉടൻ ചോദ്യം ചെയ്യും.
സ്വർണ്ണക്കൊള്ളയിൽ രേഖകൾ തിരുത്തിയും, വ്യാജ രേഖകൾ ഉണ്ടാക്കിയും പ്രതിപ്പട്ടികയിൽ ഉള്ള ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു കസ്റ്റഡി അപേക്ഷയിൽ ഉൾപ്പടെ അന്വേഷണ സംഘം പറഞ്ഞിരുന്നത്. അതിനാൽ തന്നെ മുരാരി ബാബു ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും. ഇതിനായി എസ്ഐടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.







