Headlines

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം പ്രസിഡന്റ്

SIT കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്. ബിജെപി പ്രവർത്തകരാണ് ഉണ്ണികൃഷ്ണൻ നേരെ ചെരിപ്പറിഞ്ഞത്. ബിജെപി ആയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ ആണ് ചെരിപ്പെറിഞ്ഞത്. നിലവിൽ പോറ്റിയെ പത്തനംതിട്ട ഹെഡ്ക്വാർട്ടർ ക്യാംപിൽ എത്തിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യലിന് സാധ്യത.

ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. അറസ്റ്റിനു ശേഷമുള്ള ആദ്യ പ്രതികരണമാണിത്. തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരും. അന്വേഷണം നടത്തുന്നവർ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.

ശബരിമല സ്വർണ്ണക്കവർച്ചയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിൽ പെറ്റീഷൻ മെമോ 24ന് ലഭിച്ചു. 403,406,409,466,477 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ രണ്ടു കിലോ സ്വർണ്ണം തട്ടിയെടുത്തെന്നു അറസ്റ്റ് മെമ്മോയിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കി.

രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

സ്വർണ കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.സ്മാർട്ട് ക്രിയേഷന്‍റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്.

പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരി​ഗണിച്ചത്. തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി.