ഗുരുതരമായ കൃത്യവിലോപമാണ് ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് ദേവസ്വം പ്രസിഡന്റിന് ഒടുവില്‍ ബോധ്യപ്പെട്ടിരിക്കുന്നു. വിവാദങ്ങള്‍ കഴിഞ്ഞമാസം നടന്ന ആഗോള അയ്യപ്പ സംഗമത്തെ തകര്‍ക്കാനായി നടന്ന ആസൂത്രിത ഗൂഢാലോചനയാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ നിലപാട്. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയതും, തൂക്കത്തില്‍ ഗണ്യമായ കുറവുവന്നതുമടക്കം നിരവധി കൃത്യവിലോപങ്ങള്‍ പുറത്തുവന്നതോടെയാണ് സ്വര്‍ണം പൂശലുമായുള്ള തട്ടിപ്പുകള്‍ പുറത്തുവന്നത്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് കൊണ്ടുനടന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നാണ് നിലവിലുള്ള ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ വെളിപ്പെടുത്തുന്നത്.
ശബരിമലയില്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് പിന്നില്‍ എന്താണ് സത്യമെന്ന അന്വേഷണത്തിലാണ് ഭക്തര്‍. നിലവിലുള്ള നിയമ പ്രകാരം ശബരിമലയില്‍ നിന്നും ഉരുപ്പടികള്‍ കൊണ്ടുപോവുന്നതിനും മറ്റും വ്യക്തമായ നിയമം നിലനില്‍ക്കുമ്പോഴും, എല്ലാ കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തി സ്വര്‍ണപ്പാളികള്‍ എങ്ങിനെ ബാംഗ്ലൂരില്‍ എത്തിയെന്ന ചോദ്യത്തിന് മുന്നില്‍ ദേവസ്വം ബോര്‍ഡും ഉന്നതരും കൈമലര്‍ത്തുകയാണ്.
ദേവസ്വം മുന്‍ അധ്യക്ഷന്മാര്‍ പരസ്പരം ആരോപണം ഉന്നയിക്കുകയും നിലവിലുള്ള അധ്യക്ഷന്‍ കൈമലര്‍ത്തുകയുമാണ് ചെയ്യുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ കോടതി നിലപാട് കടുപ്പിച്ചതോടെയാണ് കൂടുതല്‍ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ് പോലും തയ്യാറായത്. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി പുറത്തുകൊണ്ടുപോയത് ആരുടെ അറിവോടെയാണ്. എങ്ങിനെയാണ് തൂക്ക കുറവുണ്ടായത് തുടങ്ങിയ ചോദ്യങ്ങളില്‍ സ്‌പോണ്‍സര്‍ എന്നവകാശപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമായ ഉത്തരമല്ല നല്‍കിയിട്ടുള്ളത്. തനിക്ക് കോടതിയില്‍ വിശ്വാസമുണ്ടെന്നും പറയാനള്ളതെല്ലാം കോടതിയില്‍ പറയുമെന്നുമാണ് അദ്ദേഹം പറയുന്നത്.
സംഭവത്തില്‍ ദുരൂഹത ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ആരാണ് ഈ ഉണ്ണികൃഷ്ണ്‍ പോറ്റിയെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കുന്നില്ലെന്നതാണ് കൗതുകം. ശബരിമലയില്‍ നിന്നും സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈകളിലാണെന്നും എന്നാല്‍ അദ്ദേഹത്തെ തനിക്ക് അറിയില്ലെന്നുമാണ് തിരുവിതാംരൂര്‍ ദേവസ്വം അധ്യക്ഷനായ പി എസ് പ്രശാന്ത് വ്യക്തമാക്കുന്നത്. 2019 ല്‍ ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഇതേ ഉണ്ണികൃഷണന്‍ പോറ്റിയാണെന്നാണ് പറയപ്പെടുന്നത്.
1999 ല്‍ ശബരിമലയില്‍ ശ്രീകോവിലും ഒപ്പം ദ്വാരപാലക ശില്‍പങ്ങളില്‍ അടക്കം സ്വര്‍ണം പൂശിയെന്നാണ് അക്കാലത്ത് വന്ന പത്രവാര്‍ത്തകള്‍. 1998 ല്‍ യു ബി ഗ്രൂപ്പ് സ്വര്‍ണം പൂശിയ അതേ ദ്വാരപാലക ശില്പം സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ ചെമ്പുപാളിയാണ് പൊതിഞ്ഞതെന്നാണ് ദേവസ്വം ബോര്‍ഡ് രേഖകളില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണം പൂശിയ അതേ ദ്വാരപാലക ശില്പം എന്തിനാണ് വീണ്ടും സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്ന് ആര്‍ക്കും അറിയില്ല. ദേവസ്വം ബോര്‍ഡ് രേഖകളില്‍ എങ്ങിനെയാണ് സ്വര്‍ണം പൂശിയ പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്താന്‍ വഴിയൊരുങ്ങിയത്.
ശ്രീകോവിലിന്റെ മേല്‍ക്കൂരയും, നാല് ദ്വാരപാലക ശില്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതത്തിന്റെ തകിടുകള്‍ എന്നിവയാണ് സ്വര്‍ണം പൂശിയതായി അക്കാലത്തെ പത്രവാര്‍ത്തകള്‍. കാലം പിന്നിട്ടിപ്പോള്‍ സ്വര്‍ണം എങ്ങിനെ ചെമ്പായി എന്ന ചോദ്യത്തിന് ഇതുവരെ ആരും ഉത്തരം നല്‍കിയിട്ടില്ല. സി പി ഐ എം നേതാക്കളായിരുന്ന എ പത്മകുമാറും, പിന്നീട് അനന്തഗോപനുമാണ് ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നല്‍കേണ്ടത്.
എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് ശബരിമലയില്‍ യുവതി പ്രവേശന വിവാദം ഉണ്ടാവുന്നത്. ദേവസ്വം അധ്യക്ഷന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളോട് അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ പിന്നീട് സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുകയുമായിരുന്നു. ഇതോടെ എ പത്മകുമാര്‍ പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായി. പിന്നീട് അധ്യക്ഷസ്ഥാനത്തെത്തിയ അനന്തഗോപനെയാണ് എ പത്മകുമാര്‍ സ്വര്‍ണപ്പാളി വിവാദത്തില്‍ ലക്ഷ്യം വെക്കുന്നത്. വിദേശ യാത്ര ചെയ്ത അധ്യക്ഷന്‍ ആരാണെന്ന് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നായിരുന്നു പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാൽ അനന്തഗോപനോ സി പി ഐ എമ്മോ ഈ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി ഇനി കോടതിയില്‍ നല്‍കുന്ന മൊഴി എന്താവുമെന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.
ശബരിമല വീണ്ടും സര്‍ക്കാരിനും സി പി ഐ എമ്മിനും തലവേദനയാവുന്നു എന്നുവേണം അനുമാനിക്കാന്‍. പാര്‍ട്ടി നിശ്ചയിച്ച രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും പരസ്പരം പഴിചാരാനും, പരസ്യമായി ആരോപണം ഉന്നയിക്കുന്നതും പാര്‍ട്ടിയെ കൂടുതല്‍ സമ്മർദ്ദത്തിലാകും.ആഗോള അയ്യപ്പസംഗമം നടക്കുന്നതിന്റെ രണ്ടുദിവസം മുന്‍പാണ് ദ്വാരപാലക ശില്പത്തിന്റെ ഒരു പീഠം കാണാതായവിവരം മാധ്യമങ്ങളിലൂടെ വിശ്വാസി സമൂഹം അറിയുന്നത്. 4 കിലോ സ്വര്‍ണം കാണാതായതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയും, വ്യക്തമായ രേഖകളില്ലാതെയും സ്വര്‍ണം കൈകാര്യം ചെയ്തതിലാണ് ദുരൂഹതയേറുന്നത്.
ശബരിമലയില്‍ യു ബി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണം പൂശിയത്. 1998 ലാണ് ശബരിമലയില്‍ സ്വര്‍ണം പൂശാനായി 30.3 കിലോ സ്വര്‍ണം നല്‍കിയത്. ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിയാനായിരുന്നു ഇത്രയും സ്വര്‍ണം നല്‍കിയത്. പ്രമുഖ മദ്യനിര്‍മാണ കമ്പനിയായ യു ബി ഗ്രൂപ്പ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. അക്കാലത്തുതന്നെ ഒരു മദ്യരാജാവിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ സ്വര്‍ണംപൂശലുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കിടയില്‍ വിരുദ്ധ അഭിപ്രായങ്ങൾ രൂപപ്പെട്ടിരുന്നു. കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ആ സ്വര്‍ണപ്പാളികള്‍ എങ്ങിനെ ചെമ്പായി മാറിയെന്നാണ് ഇപ്പോഴത്തെ വിവാദ വിഷയംഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റോള്‍ എന്തായിരുന്നു. ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഇടപെട്ടത്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ഉത്തരം പറയേണ്ടിവരും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകള്‍ ദുരൂഹമാണെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന്റേയും നിലപാട്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങിനെ സ്പോണ്‍സറായി എന്നതിലും ദുരൂഹത നിലനില്‍ക്കയാണ്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടലുകളൊന്നും സുതാര്യമായിരുന്നില്ല എന്ന സൂചനകളാണ് ഈ ആരോപണങ്ങള്‍ നല്‍കുന്നത്.
അടിമുടി ദുരൂഹതകളാണ് സ്വര്‍ണം പൂശലുമായി ഉണ്ടായിരിക്കുന്നത്. വിജയ് മല്യസമര്‍പ്പിച്ച സ്വര്‍ണത്തില്‍ എങ്ങിനെയാണ് കുറവുവന്നത്. സ്വര്‍ണത്തിന്റെ പാളികള്‍ എങ്ങിനെ ചെമ്പായി തുടങ്ങിയ സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ദ്വാരപാലക ശില്പത്തിന്റെ ഒരു പീഠം കാണാതായതും പിന്നീട് അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയതുമെല്ലാം ഏറെ ദുരൂഹമായിരുന്നു.