ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ 2019ലെ വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. കവാടം പൂജിച്ച് പണം ഈടാക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും വിവരം.
സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്നതിന്റെ തെളിവാണ് പുറത്ത് വന്നത്. ആറ് വര്‍ഷം മുന്‍പ് ഒരു യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ദൃശ്യങ്ങളാണിത്.
ചങ്ങനാശേരിയില്‍ വച്ച് അയ്യപ്പന്റെ നട തൊട്ട് തൊഴുത് പൂജിക്കാനുള്ള അവസരം തനിക്ക് ഉണ്ടായിരുന്നുവെന്നും അതിനു ശേഷം ശ്രീകോവില്‍ കവാടവും പൂജിക്കാനുള്ള അവസരം ലഭിച്ചുവെന്നും ജയറാം പറയുന്നതായും വീഡിയോയില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പ്രശസ്തരായ അയ്യപ്പ ഭക്തരായ ആളുകളെ അണിനിരത്തിക്കൊണ്ട് ഇത്തരത്തില്‍ പൂജ നടത്തുന്നു. ഇതില്‍ പണപ്പിരിവ് ഉണ്ടെന്നാണ് ഉയരുന്ന പരാതി.
അതേസമയം, സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം പുളിമാത്തിലെ വീട്ടിലെത്തിയ ഉണ്ണിക്യഷ്ണന്‍ പോറ്റി നാളെ രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിന്റെ മുമ്പില്‍ ഹാജരാകും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹതകളുടെ ചുരുളഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്താണ് യോഗം.