അവാര്‍ഡുകള്‍ വാരിക്കൂട്ടി സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും; മികച്ച തിരക്കഥ- സിന്നേഴ്‌സ്; മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്‌സണ്

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്‌സും. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്‌സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. (Paul Thomas Anderson and Ryan Coogler won oscar award 2026)കൂഗ്ലളിന്റെ പുരസ്‌കാരം മറ്റൊരു നിലയ്ക്ക് കൂടി ചരിത്രമാകുന്നുണ്ട്. ഇതേ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന കറുത്ത വര്‍ഗക്കാരനായ രണ്ടാമനാകുകയാണ് സിന്നേഴ്‌സിലൂടെ കൂഗ്ലര്‍. 2018ല്‍ ഗെറ്റ് ഔട്ട് എന്ന ചിത്രത്തിലൂടെ ജോര്‍ദാന്‍ പീലിയാണ് ഇതിനുമുമ്പ് പുരസ്‌കാരം നേടിയിട്ടുള്ളത്. റൊണാള്‍ഡ് ബ്രോണ്‍സ്‌റ്റൈനും ജോഷ് സഫ്ഡിയും (മാര്‍ട്ടി സുപ്രിം), എസ്‌കില്‍ വോഗ്ട്ട്, ജോചിം ട്രയര്‍(സെന്റിമെന്റല്‍ വാല്യു), റോബര്‍ട്ട് കപ്ലോവ്(ബ്ലൂ മൂണ്‍) എന്നിവര്‍ ഇത്തവണ കൂഗ്ലര്‍ക്ക് ശക്തമായ മത്സരമാണ് നല്‍കിയത്.ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തന്റെ ആദ്യ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മാത്രമല്ല സംവിധായകനുമാണ് ആന്‍ഡേഴ്‌സണ്‍. തോമസ് പിഞ്ചണിന്റെ 1990ലെ നോവലായ വൈന്‍യാര്‍ഡില്‍ നിന്ന് പ്രചോദനവും കഥയുടെ ഏകദേശ രൂപവും അവലംബിച്ച് കൊണ്ട് സ്വതന്ത്രമായി എഴുതിയ തിരക്കഥയാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന്റേത്. 55 വയസുകാരനായ ആന്‍ഡേഴ്‌സന്റെ പേര് മുമ്പ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കായി 14 വട്ടം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും പുരസ്‌കാരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാകുകയായിരുന്നു.