വാഷിങ്ടണ്‍: എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കസേരയിലേക്ക് തിരിച്ചെത്തിയ ജെന്‍സന്‍ ഹുവാങ്ങിനെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹുവാങ് അസാധാരണ പ്രതിഭയാണെന്നും അമേരിക്കയിലെ പ്രതിഭകളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ഹുവാങ്ങിനോട് വലിയ ആദരവാണുള്ളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നിയാല്‍ ഹുവാങ് ചൈനയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ആഗോള എഐ മത്സരത്തില്‍ പ്രതിഭകളെ സ്വന്തമാക്കാനുള്ള അമേരിക്കയുടെയും ചൈനയുടെയും പോരാട്ടം എത്രത്തോളം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ ഈ പരാമര്‍ശം. ( Donald Trump praised Nvidia CEO Jensen Huang)
ഹുവാങ്ങിന്റെ തിരിച്ചെടുക്കലിലേക്ക് വഴിവച്ചത് തന്റെ ഇടപെടലാണെന്ന് സൂചിപ്പിച്ച് അതിന്റെ ക്രെഡിറ്റെടുക്കാനും ഇന്നത്തെ പ്രതികരണത്തിലൂടെ ട്രംപ് ശ്രമിച്ചു. ഡയറക്ടര്‍ ബോര്‍ഡിനെ താന്‍ നേരിട്ട് കാര്യങ്ങള്‍ മനസിലാക്കിപ്പിച്ചതായി ട്രംപ് പറഞ്ഞു. എന്‍വിഡിയയുടെ ഓഹരി വിലയിലുണ്ടായ വലിയ ഇടിവിന് ശേഷം ബോര്‍ഡിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമായിരുന്നുവെന്നും ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്താന്‍ സഹായിച്ച ജെ ഡി വാന്‍സിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.








