Headlines

ഉമ്മൻചാണ്ടിക്ക് വിഷമം ഉണ്ടായിരുന്നു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി എന്റെ മനസില്‍ നീയാണെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്: ജെ.എസ് അഖില്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോശം ആരോഗ്യസ്ഥിതിയിൽ ആയിരിക്കുമ്പോൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പറഞ്ഞ പേര് തന്റേതായിരുന്നു.തന്റെ ആഗ്രഹം നടക്കാതെ പോയതില്‍ ഉമ്മന്‍ ചാണ്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്നും അഖില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ഇടപെടലുകൾ നടന്നുവെന്നും ചവട്ടി അരച്ച് മാറ്റി നിർത്തിയെന്നും ജെഎസ് അഖിൽ പറഞ്ഞു. അതിൽ വിഷമം ഉണ്ട്. ഒരു വിവാദത്തിലും പങ്കാളിയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജെഎസ് അഖിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്നത്തെ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിട്ടും താന്‍ മാറിനില്‍ക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ല അത്.

കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിച്ചപ്പോള്‍ എല്ലാം, ആ സ്ഥാനങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന് ബോധപൂര്‍വം ഇല്ലാതാക്കിയെന്നാണ് തോന്നുന്നതെന്നും ജെ.എസ് അഖില്‍ പറഞ്ഞു. ഇന്ന് കുതികാല്‍ വെട്ടുന്നവര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് എല്ലാ പാര്‍ട്ടിയിലും. ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി വന്ന ആളുടെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാമെന്നും അഖില്‍ ചൂണ്ടിക്കാട്ടി.

ചില ആളുകള്‍ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്നത് ശരിയല്ല. ഷാഫി പറമ്പില്‍ ഈ ഗ്രൂപ്പിന്റെ ആളാണോ എന്ന് പറയേണ്ടത് ഞാനല്ല. ഇന്ന് രാവിലെ 11 മണി മുതല്‍ ഞാനും സൈബറാക്രമണം നേരിടുകയാണ്. ഫോണ്‍ വിളിച്ച് തെറികളാണ് പറയുന്നത്. ഇത് ആരുടെ നേതൃത്വത്തില്‍ ആണെങ്കിലും ശരിയായ നടപടിയല്ല.

തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കി എന്നാണ് എതിര്‍ ചേരിയില്‍ ഉള്ളവര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉമ്മന്‍ ചാണ്ടി കാണിച്ച നീതിയുടെ രാഷ്ട്രീയം മുന്‍നിര്‍ത്തി മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിലുമായി ഇതുവരെ പരാതിയോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ആളുകളെ ജനങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകണമെന്നും അഖില്‍ പ്രതികരിച്ചു.