‘മാറി നിൽക്കാൻ തയാർ’: ചാണ്ടി ഉമ്മന്റെ ലക്ഷ്യം എന്ത് ? നീക്കം തിരുവഞ്ചൂരിനെ ലക്ഷ്യമിട്ടോ ?

പുതുപ്പള്ളിയിൽ മറ്റൊരാളെ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മാറിനിൽക്കാമെന്ന ചാണ്ടി ഉമ്മന്റെ നിലപാട് ആരെ ലക്ഷ്യം വച്ചാണ്? പുതുതലമുറയ്ക്കായി താൻ മത്സരരംഗത്തുനിന്നും മാറാൻ തയ്യറാറാണെന്നായിരുന്നു ചാണ്ടി ഉമ്മൻ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയോട് നേരിട്ട് അറിയിച്ചത്. വയനാട്ടിൽ നടന്ന ദ്വിദിന സമ്മിറ്റിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ ഈ നാടകീയ നീക്കം. തലമുറമാറ്റം ഉണ്ടാവുമെന്നും പുതുതലമുറയിലുള്ളവരെക്കൂടി പരിഗണിച്ചാവും സ്ഥാനാർത്ഥി നിർണയമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം. ഈ തീരുമാനം നടപ്പാക്കാനായി പുതുപ്പള്ളിയിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തിയാൽ താൻ മാറിനിൽക്കാൻ തയ്യാറാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.വർഷങ്ങളായി ഒരേ മണ്ഡലത്തിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് ചാണ്ടി ഉമ്മൻ ഉന്നയിക്കുന്നതെന്ന് വ്യക്തം. തിരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കുന്നതിനും, നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാനിപ്പിച്ച് പാർട്ടിയിൽ ഐക്യമുണ്ടാക്കാനായാണ് ലക്ഷ്യ ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചത്. പാർട്ടിയെ അധികാരത്തിൽ എത്തിക്കുമെന്നും, 100 സീറ്റുകൾ നേടമെന്നുമുള്ള അവകാശ വാദങ്ങളുമായി വി ഡി സതീശൻ എത്തിയതിനു പിന്നാലെയാണ് ചാണ്ടി ഉമ്മൻ പുതുമുഖങ്ങൾക്കു വേണ്ടി മാറിനിൽക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയത്.

മുൻ കേന്ദ്രമന്ത്രിയും എട്ട് തവണ എം പിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുങ്ങിയത്. കോട്ടയം സീറ്റിൽ നിരവധി തവണ മത്സരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളെയാണ് ചാണ്ടി ഉമ്മൻ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലത്തിൽ അരനൂറ്റാണ്ടിലേറെക്കാലം എം എൽ എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്നാണ് ചാണ്ടി ഉമ്മൻ മത്സരിക്കാനെത്തുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മക്കളായ ചാണ്ടി ഉമ്മനേയും അച്ചു ഉമ്മനേയും സ്ഥാാർത്ഥയായി കോൺഗ്രസ് പരിഗണിച്ചിരുന്നു. എന്നാൽ അച്ചു ഉമ്മൻ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മൻ എന്ന ഒറ്റ സ്ഥാനാർത്ഥിയിലേക്ക് എത്തുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസിന് വലിയ ആവേശമുണ്ടാക്കിയ ഉപതിരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. വീടുകൾ കയറിയും, കുടുംബയോഗങ്ങളിൽ പങ്കെടുത്തും ചാണ്ടി മാതൃകയായി.

എം എൽ എയായ ചാണ്ടി ഉമ്മനും കോൺഗ്രസ് നേതൃത്വും തമ്മിൽ പലപ്പോഴും നല്ല ബന്ധമായിരുന്നില്ല. നിലവിലുള്ള നേതൃത്വത്തിൽ നിന്നും തനിക്ക് പ്രതീക്ഷിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് ചാണ്ടി ഉമ്മന് പലപ്പോഴും ഉണ്ടായിരുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പങ്കെടുക്കാൻ ആരും വിളിച്ചില്ലെന്ന പരാതിയുയർത്തിയ ചാണ്ടി ഉമ്മൻ പാലക്കാട്ടെ തിരഞ്ഞെടുപ്പ് രംഗത്ത് എത്തിയില്ല. പാർട്ടിയിൽ തനിക്ക് നേരത്തെ ഉണ്ടായിരുന്ന ചുമതലകൾ പോലും എടുത്തുമാറ്റിയെന്ന പരാതിയും പരിഭവവും ചാണ്ടിക്ക് ഉണ്ടായിരുന്നു. ഇക്കാര്യം പലപ്പോഴും നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിരുന്നുവെങ്കിലും പുനഃസംഘടനയിലും ചാണ്ടി ഉമ്മന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. എ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യറാണ് എന്ന തരത്തിലും ചാണ്ടി സൂചനകൾ നൽകിയിരുന്നുവെങ്കിലും ഇതൊന്നും നേതാക്കൾ പരിഗണിച്ചിരുന്നില്ല. പുതുപ്പള്ളിയിൽ മാറിനിൽക്കാൻ തയ്യാറാണെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണം വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുങ്ങും.