Headlines

ഉമ്മൻചാണ്ടി അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

ഇന്നലെ കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

അതേസമയം മരണത്തിൽ പോലും ഒരാൾക്ക് വിജയം ഉണ്ടാകുന്നുവെന്നതിന്റെ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ട്വന്റിഫോറിനോട്. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയും. പുതുപ്പള്ളിയിൽ മിനിസിവിൽ സ്റ്റേഷൻ തുടങ്ങാൻ സർക്കാർ തയ്യാറാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആദരവ് നിലനിർത്താൻ സിവിൽ സ്റ്റേഷൻ കൊണ്ട് വരുമെന്നാണ് പഞ്ചായത്ത് പറയുന്നത്. എത്രയും വേഗം ഫണ്ട് അനുവദിച്ച് നിർമ്മാണം തുടങ്ങാൻ തയ്യാറാകണം. ഉമ്മൻ ചാണ്ടിയുടെ ജനകീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് നടക്കുന്നത്. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിൻ്റെയും രാജ്യത്തിൻ്റെയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.