സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും എ പത്മകുമാറിനെ നീക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പത്മകുമാറിനെ നീക്കിയത്. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ പത്മകുമാറിനെ ഇതുവരെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കിയിട്ടില്ല. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് മാത്രമാണ് നീക്കിയിരിക്കുന്നത്. (a padmakumar removed from cpim pathanamthitta’s whatsapp group)
സ്വര്‍ണക്കൊള്ളയില്‍ സിപിൈഎമ്മിനെതിരെ പ്രതിപക്ഷം ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പത്മകുമാറിനെ പൂര്‍ണമായി തള്ളാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ സിപിഐഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കട്ടേ അതിനുശേഷമാകാം പത്മകുമാറിനെതിരെ നടപടിയെടുക്കുന്നത് എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ പ്രതികരണം.പത്മകുമാറിനെ പുറത്താക്കിയത് എന്തെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണെന്ന് ഗ്രൂപ്പില്‍ അഡ്മിന്‍മാര്‍ വിശദീകരിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ പത്മകുമാര്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ജയില്‍ മോചിതനായിരുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ഇതിനായി ദേവസ്വം മിനുട്‌സ് തിരുത്തിയെന്നുമായിരുന്നു പത്മകുമാറിനെതിരായ കണ്ടെത്തലുകള്‍.








