Headlines

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ തിരിച്ചെത്തി

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരികെ കൂട്ടിൽ കയറി. ഭക്ഷണം വെച്ച് ആകർഷിച്ചാണ് കൂട്ടിൽ കയറ്റിയത്. ഇന്നലെ രാവിലെയാണ് കുരങ്ങ് മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയത്. അവിടെത്തന്നെയുള്ള ഉയരം കൂടിയ ഒരു മരത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു കുരങ്ങെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ഇന്നലെയും ഇന്നുമായി അധികൃതർ കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.

2023 ൽ തിരുപ്പതിയിൽ നിന്നും മൃഗശാലയിലേക്ക് കൊണ്ടുവന്ന 12 വയസ്സുള്ള പെൺകുരങ്ങാണിത്‌. രണ്ട് വര്ഷം മുൻപും ഇതേ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപോയിരുന്നു. തുടർച്ചയായുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കുരങ്ങുകളെ പാർപ്പിക്കുന്ന കൂട്ടിൽ ഫെൻസിങ് ഉയർത്തി സ്ഥാപിക്കാനും തീരുമാനിച്ചു.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ കൂട്ടിൽ നിന്നും പുറത്ത് കടന്ന കുരങ്ങ് മൃഗശാല വളപ്പിലെ തന്നെ മരത്തിനു മുകളിൽ തുടരുകയായിരുന്നു. കൂട്ടിലുള്ള മറ്റു കുരങ്ങുകളുമായി ആശയവിനിമയം നടത്തിയിരുന്ന ഹനുമാൻ കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിഞ്ഞ തവണ കുരങ്ങിനെ പുറത്തിട്ടു പിടിച്ച മൂന്നു കീപ്പർമാരെയും ചുമതലപ്പെടുത്തിയിരുന്നു. കുരങ്ങ് ചാടിപ്പോയാൽ പ്രശ്‌നം വഷളാകുമെന്നാണ് വിലയിരുത്തലിലായിരുന്നു അധികൃതർ. ഇതിന്റെ ഭാഗമായി മൃഗശാലയിൽ സന്ദർശകർക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സാധാരണ അനുവദിച്ചിട്ടുള്ള നട വഴികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.