Headlines

PLENTI ഫുഡ്, PRICE മൂന്നിലൊന്ന്! ഈ ആപ്പ് വില്‍ക്കുന്നത് ഭക്ഷണം മാത്രമല്ല, കരുതലും

മുന്തിയ ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം പാഴാക്കി കളയുന്നതു കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ‘കുത്തല്‍’. അതിങ്ങനെ വളര്‍ന്നു വലുതായി, കാശിന്റെ കുറവു കൊണ്ട് ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഇഷ്ടമുള്ള ഫുഡുമെല്ലാം സ്‌കിപ് ചെയ്യുന്നവരുടെ മുഖങ്ങളിലേക്ക് ഫോക്കസ് ചെയ്തപ്പോള്‍ ഒരു ആപ്പ് പിറന്നു, ‘പ്ലെന്റി’… ഉള്ളവനെ പോലെ ഇല്ലാത്തവനും ‘മതിയാവോളം’ ഭക്ഷണം ആസ്വദിക്കാനുള്ള ഒരു ഒന്നൊന്നര ആപ്പ്. (start-up launches plenti app to sell surplus food from hotels)

മാത്യൂസ് മാര്‍ട്ടിന്‍, സിറിയക് മാര്‍ട്ടിന്‍, ഷൈന്‍ മുഹമ്മദ്, ഭരത് മോഹന്‍. ഈ നാലു പേര് കണ്ട സ്വപ്‌നങ്ങള്‍ക്ക് ഇന്ന് വിശപ്പ് അതിജീവിച്ച ഒരുപാട് വയറുകളുടെ പ്രാര്‍ഥനകളുടെ കൂടി കരുത്തുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ലഭിക്കുന്ന പ്ലെന്റി ആപ്പിന് ഇന്ന് മഹാനഗരങ്ങളില്‍ മാത്രമല്ല, തൃശൂര്‍ പോലുള്ള ചെറുനഗരങ്ങളില്‍ വരെ ഫാന്‍ ബേസുണ്ട്. അതില്‍ ശമ്പളം മിച്ചം പിടിച്ച് വീട്ടിലേക്ക് അയച്ചു കൊടുക്കാന്‍ വെമ്പുന്ന ജോലിക്കാര്‍ മുതല്‍ അറിവിന്റെ അക്ഷരക്കൂടുകള്‍ തേടി വലിയ നഗരങ്ങളിലേക്ക് ചേക്കേറിയ വിദ്യാര്‍ഥികള്‍ വരെയുള്ളവരുടെ നീണ്ട നിരയുണ്ട്.

ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ അവസരം നല്‍കുന്ന ‘PLENTI’ ആപ്പിന്റെ സഹസ്ഥാപകന്‍ ഭരത് മോഹന്‍ ട്വന്റിഫോര്‍ ഡിജിറ്റലുമായി സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ബിസിനസ് സംരംഭകന്റെ ആത്മിവിശ്വാസമായിരുന്നില്ല, മറിച്ച് സഹജീവികളുടെ വിശപ്പിന് പരിഹാരം കാണുന്ന മനുഷ്യ സ്‌നേഹിയുടെ സംതൃപ്തിയായിരുന്നു.

പ്ലെന്റി ആപ്പിന്റെ ആശയം പിറന്നത് എങ്ങനെയാണ്?

മാത്യൂസ് മാര്‍ട്ടിന്‍ നാഗ്പൂര്‍ നാഗ്പുര്‍ ഐഐഎമ്മില്‍ പഠിക്കുമ്പോഴാണ് ഈ ആശയം പിറക്കുന്നത്. 2004 ല്‍ ആണത്. പാഴായിപ്പോകുന്ന ഹോസ്റ്റല്‍ ഭക്ഷണത്തെക്കുറിച്ച് വേവലാതിപ്പെട്ട മാത്യുസ് പിന്നീട് അതിന്റെ വഴിയേ തേടിപ്പോയപ്പോഴാണ് പല ഭക്ഷണശാലകളില്‍ നിന്നായി പുറന്തളപ്പെടുന്ന ടണ്‍ കണക്കിന് ‘ഭക്ഷ്യമാലിന്യ’ത്തെക്കുറിച്ച് അറിയുന്നത്. അത് ഒരു വര്‍ഷം ശരാശരി 70 മില്യണ്‍ ടണ്‍ ഭക്ഷണമാണ് നമ്മള്‍ പാഴാക്കി കളയുന്നത്. അതില്‍ 30 ശതമാനം ഹോട്ടലുകളും ബേക്കറികളുമാണ് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നത്. 92,000 കോടി രൂപയുടെ ഭക്ഷണം വരും ഇത്. എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം എന്നായി ചിന്ത. ചില എന്‍ജിഒകളും ചാരിറ്റി സംഘടനകളുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് സംഘടിത പ്രവര്‍ത്തനം ആയിരുന്നില്ല.
സഹോദരന്‍ സിറിയക് മാര്‍ട്ടിനോട് പറഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ. ചൈല്‍ഡ്ഗുഡ് ഫ്രണ്ടും മദ്രാസ് ഐഐടി അലുമ്‌നി ഷൈന്‍ മുഹമ്മദിനോട് സംസാരിച്ചപ്പോള്‍ സ്റ്റാര്‍ട് അപ്പ് തുടങ്ങാനുള്ള ചിന്തയ്ക്ക് രൂപമായി. ഹോട്ടല്‍ മാനേജ്മെന്റിന് ശേഷം വിദേശത്ത് ജോലി നോക്കിയിരുന്ന ഞാന്‍ നാട്ടിലേക്ക് മടങ്ങിയെത്തി സമയമായിരുന്നു. സ്വന്തം നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായിരുന്നു എനിക്ക്. അങ്ങനെയിരിക്കെയാണ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴി ഞങ്ങള്‍ ഒന്നിക്കുന്നത്. അങ്ങനെ പ്ലെന്റി ഓണായി. വിശ്വസിക്കാനാകുന്ന, 3.5ന് മുകളില്‍ റേറ്റിങ്ങുള്ള ഹോട്ടലുകളില്‍ ബാക്കി വരുന്ന ഗുണമേന്മയുള്ള ഭക്ഷണം മൂന്നിലൊന്ന് വിലക്കുറവില്‍ വാങ്ങാനാകുന്ന ഒരു പ്ലാറ്റ്ഫോമായി പ്ലെന്റി രൂപം കൊണ്ടു. ആപ്പ് ആദ്യം ലോഞ്ച് ചെയ്തത് തിരുവനന്തപുരത്താണ്. ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സേവനം ലഭ്യമാകുന്നുണ്ട്. ആപ്പ് ഇപ്പോള്‍ വിപുലീകരണത്തിന്റെ പാതയിലുമാണ്.

ആപ്പിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?

ഓരോ പ്രദേശത്തേയും വിശ്വാസയോഗ്യമായ ഹോട്ടലുകളെയാണ് നമ്മള്‍ ബന്ധപ്പെടുത്തുന്നത്. ക്ലോസിങ് ടൈമിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഭക്ഷണം ബാക്കി വരാന്‍ പോകുന്നുവെന്ന് ഹോട്ടലുകള്‍ക്ക് മനസിലാകും. അവര്‍ക്ക് ആ ഭക്ഷണം പ്ലെന്റി ആപ്പില്‍ ലിസ്റ്റ് ചെയ്യാം. ഉപഭോക്താവിന് ജനറല്‍ നോട്ടിഫിക്കേഷനോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഹോട്ടലില്‍ ഭക്ഷണം വന്നാല്‍ പ്രത്യേക നോട്ടിഫിക്കേഷനിലൂടെയോ ഇത് മനസിലാക്കാം. അവര്‍ക്ക് അത് ഹോട്ടലില്‍ പോയി പിക്ക് ചെയ്യാം. നിലവില്‍ ഹോം ഡെലിവറി ഇല്ല. സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ അളവുകളില്‍ ഭക്ഷണം വാങ്ങാവുന്നതാണ്.

ഭക്ഷണം വേഗം കേടായിപ്പോകുന്നതിനാല്‍ റിസ്‌കും കൂടുതലാണ്?

മൂന്ന് സ്റ്റെപ്പ് ക്വാളിറ്റി ചെക്ക് ചെയ്ത് മാത്രമാണ് ബാക്കി വരുന്ന ഭക്ഷണങ്ങള്‍ വില്‍ക്കുന്നത്. മാത്രമല്ല ഇത് ഇത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്ന് കൃത്യമായി പറഞ്ഞിരിക്കും. 10.30-11 മണിക്ക് അടയ്ക്കാനിരിക്കുന്ന ഹോട്ടലുകള്‍ക്ക് ഒരു 9.30 കഴിയുമ്പോള്‍ തന്നെ മനസിലാകും, എന്തുമാത്രം ഭക്ഷണം ബാക്കി വരാന്‍ സാധ്യതയുണ്ട് എന്ന്.

പ്ലെന്റിയിലൂടെ എത്ര വിലക്കുറവിലാണ് ഭക്ഷണം വില്‍ക്കുന്നത് ?

സാധാരണ ഒരു ഭക്ഷണത്തിനുള്ളതിന്റെ മൂന്നിലൊന്ന് വില മാത്രം നല്‍കിയാല്‍ മതിയാകും. ഹോട്ടലുകളില്‍ 300 രൂപയ്ക്ക് വില്‍ക്കുന്ന ബിരിയാണിയാണ് 100 രൂപയ്ക്ക് നല്‍കുക. 60 മുതല്‍ 70 ശതമാനം വരെ വിലക്കുറവ് നല്‍കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഹോട്ടലുകളില്‍ ഭക്ഷണം വരുമ്പോള്‍ അറിയാനുള്ള നോട്ടിഫിക്കേഷനും ആപ്പില്‍ ഓണ്‍ ചെയ്ത് വയ്ക്കാനാകും. റെസ്റ്റൊറന്റിന്റെ നോര്‍മല്‍ വര്‍ക്കിങ് ടൈമില്‍ തന്നെയാണ് വാങ്ങാന്‍ അവസരം ഉണ്ടാവുക. അതുകൊണ്ടുതന്നെ ബാക്കി വന്ന ഭക്ഷണം അല്ല. മറിച്ച് ബാക്കിയാകാതിരിക്കാനുള്ള ശ്രമമാണ് ആപ്പിലൂടെ നടത്തുന്നത്. വില്‍ക്കുന്നവര്‍ക്ക് അവര്‍ക്ക് ഭക്ഷണം തയാറാക്കാനുള്ള ചെലവ് തിരിച്ചു പിടിക്കാനുള്ള അവസരം കൂടിയാണ് പ്ലെന്റി നല്‍കുന്നത്.

എല്ലാം പാഴാക്കി കളയാന്‍ ത്വരയുള്ള ഒരു സമൂഹത്തില്‍ പ്ലെന്റി ആപ്പ് ആളുകളുടെ മനോഭാവം മാറ്റുമോ?

ആളുകള്‍ക്ക് ഭക്ഷണം മാത്രമല്ല ഇപ്പോള്‍ എന്തും അമിതമായി വാങ്ങിക്കൂട്ടാനും വെറുതെ പാഴാക്കി കളയാനുമുള്ള പ്രവണത കൂടുതലാണ്. വിദേശത്തൊക്കെ ത്രിഫ്റ്റ് കള്‍ച്ചര്‍ വ്യാപകമാകുന്നത് പോലെ ഇവിടെ അത്ര കേട്ടുകേള്‍വിയില്ല. ഓരോ തവണ ആപ്പ് ഉപയോഗിക്കുമ്പോഴും ആളുകള്‍ ഒന്നും വെറുതെ പാഴാക്കരുത് എന്ന സന്ദേശം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ.

നമ്മുടെ നാട്ടില്‍ ഭക്ഷണം കിട്ടാത്ത ഒരുപാട് പേരുണ്ട്. ഒരുപാട് ഭക്ഷണം പാഴാക്കപ്പെടുന്നുമുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ ഭക്ഷണം നമ്മുക്ക് സൂക്ഷിച്ച് വയ്ക്കാനുമാകില്ല. കുറച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ അത് ഒന്നിനും കൊള്ളാതാകും. കല്യാണത്തിനും മറ്റുമെല്ലാം ആളുകള്‍ സമ്പല്‍ സമൃദ്ധി കാണിക്കുന്നത് ഒരുപാട് ഭക്ഷണം വച്ചുകൊണ്ടാണ്. ഭക്ഷണ മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ തന്നെ വലിയ അളവില്‍ നമുക്ക് കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കാനാകും. ആ ഒരു ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്.

വിദേശ ജോലിക്കാലത്തെ അനുഭവങ്ങള്‍ ‘പ്ലെന്റി’യെ സഹായിച്ചിട്ടുണ്ടോ?

ഫ്രാന്‍സിലാണ് ജോലി ചെയ്തിരുന്നത്. യൂറോപ്പില്‍ കാര്‍ബണ്‍ ബഹിഷ്‌കരണം കുറയ്ക്കാനും മാലിന്യങ്ങള്‍ നിയന്ത്രിക്കാനും ഭക്ഷണത്തിന്റെ ഗുണനിലവാരം
ഉറപ്പാക്കാനുമായി നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ അവര്‍ കാലത്തിന് എത്രയോ മുമ്പേ സഞ്ചരിക്കുന്നു എന്ന് തോന്നിപ്പോകും. ‘ടൂ ഗുഡ് ടു ഗോ’ ആപ്പൊക്കെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ആപ്പ് ഹിറ്റാകുകയാണല്ലോ?

അതെ. ഈ യാത്രയില്‍ ഐഐഎം ബാംഗ്ലൂര്‍, എന്‍എസ്ആര്‍സിഇഎല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും പിന്തുണ നല്‍കുന്നുണ്ട്. അദാനി വന്ദേ ഭാരതം പ്ലാറ്റ്ഫോമില്‍ ടോപ് നാഷണല്‍ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടതും ഞങ്ങളുടെ വലിയ നേട്ടമാണ്. ആഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ പോക്കറ്റിന് അനുയോജ്യമായി ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതിലപ്പുറം എന്തു പുണ്യമാണ് ഞങ്ങള്‍ ലഭിക്കാനുള്ളത്.