യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ആരെത്തുമെന്ന ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുന്നു. ഒരു മാസത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസിന് അധ്യക്ഷനെ കണ്ടെത്തിയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശി ഒ ജി ജനീഷാണ് അപ്രതീക്ഷിതമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പേരായിരുന്നു ഒ ജി ജിനീഷിന്റേത്. ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടും അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിന്റെ ഞെട്ടലിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തിന്റെ നിര്‍ദേശം. എന്നാല്‍ കെ പി സി സി അധ്യക്ഷസ്ഥാനത്ത് ഒരു ക്രിസ്റ്റ്യന്‍ വിഭാഗക്കാരനായ നേതാവ് വന്നതോടെ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലാണ് തീരുമാനങ്ങള്‍ മാറ്റിമറിച്ചത്.
കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ അമിതമായി സംരക്ഷിക്കുന്നു കൂടുതല്‍ സ്ഥാനമാനങ്ങള്‍ അവര്‍ക്കായി നല്‍കുന്നു തുടങ്ങിയ ആരോപണങ്ങള്‍ എസ് എന്‍ ഡി പിയും എന്‍ എസ് എസും തുടര്‍ച്ചയായി ഉന്നയിക്കുന്നതും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അബിന്‍ വര്‍ക്കിയുടെ കാര്യത്തില്‍ അത്തരമൊരു ചര്‍ച്ചയ്ക്ക് സാധുതയില്ലെന്നും, സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ യുവനേതാവ് എന്ന നിലയിലും ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ് എന്ന നിലയിലും അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്നും വിവിധ മേഖലളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടി കിട്ടുമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ അബിന്‍വര്‍ക്കിയുടെ സാധ്യത മങ്ങുകയായിരുന്നു. ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയലിനെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചു. അബിന്‍ വര്‍ക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചുവെങ്കിലും തല്‍ക്കാലം ചുമതല ഏറ്റെടുക്കില്ലെന്നാണ് അബിന്റെ നിലപാട്.
സാമുദായികമായ വിഷയമാണോ തന്നെ പരിഗണിക്കപ്പെടാത്തതിന് കാരണമെന്ന് അറിയില്ലെന്നാണ് അബിന്‍ വര്‍ക്കി പറയുന്നത്. എന്നാല്‍ ഈ വിഷയം കേരളത്തിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചതെന്നായിരുന്നു എ ഐ സി സിയുടെ വിശദീകരണം.
കെ എസ് യു സംസ്ഥാന അധ്യക്ഷനായിരുന്ന കെ എം അഭിജിത്ത് സംസ്ഥാന അധ്യക്ഷനാവുമെന്നായിരുന്നു അവസാന ഘട്ടംവരെ കരുതിയിരിരുന്നത്. ദേശീയ സെക്രട്ടറി ബിനു ചുള്ളിയലിന്റെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു. അബിന്‍ വര്‍ക്കിയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. എന്നിട്ടും ദേശീയ നേതൃത്വം ഒ ജി ജനീഷിലെത്തിയത് നേതാക്കളെ ഞെട്ടിച്ചു.
അബിന്‍ വര്‍ക്കിക്കുവേണ്ടി രമേശ് ചെന്നിത്തല തുടക്കം മുതല്‍ സമ്മര്‍ദ്ധം തുടര്‍ന്നെങ്കിലും സാമുദായിക സമവാക്യങ്ങള്‍ അബിന്‍ വര്‍ക്കിക്ക് എതിരായി. നേതൃപാഠവമാണ് പരിഗണിക്കേണ്ടതെന്നും, സാമുദായിക പരിഗണനകള്‍ കോണ്‍ഗ്രസ് രീതിയല്ലെന്നുമുള്ള വാദങ്ങളൊന്നും ഫലം കണ്ടില്ല. ബിനു ചുള്ളിയില്‍ സംസ്ഥാന അധ്യക്ഷനായാല്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നതോടെ ബിനുവിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുകയായിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്നൊരു സ്ഥാനമില്ലെന്നും, സ്വന്തക്കാരെ തിരുകി കയറ്റാനായി ഉണ്ടാക്കിയ പദവിയാണിതെന്നുമാണ് ഉയരുന്ന ആരോപണം.
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായഭിന്നത കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോരിനുള്ള വഴിയൊരുങ്ങിയിരിക്കയാണ്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയ രാഹുല്‍ മാങ്കൂട്ടം ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. ഇതോടെ ഒഴിവുവന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാനായി ആരെത്തുമെന്ന ചര്‍ച്ച സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ഏറെ വലച്ച വിഷയമായിരുന്നു. അധ്യക്ഷനായ അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെയാണ് വിഷയം കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത്.അബിന്‍ വര്‍ക്കിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടിയിരുന്നതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗ്രൂപ്പ് നേതൃത്വം. ഇതിനിടയില്‍ എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും ആരോപണം ഉയരുകയാണ്. സംഘടനയെ കൈപ്പിടിയില്‍ ഒതുക്കാനായി കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ മാത്രം പരിഗണിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. എ , ഐ ഗ്രൂപ്പുകള്‍ ഒരു പോലെ യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ പേരില്‍ കോണ്‍ഗ്രസ് തമ്മിലടിച്ചാല്‍ അത് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. മുതിര്‍ന്ന നേതാവായ പി ജെ കുര്യനാണ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഒപ്പം കെ മുരളീധരനും ഇതേ അഭിപ്രായവുമായി പരസ്യപ്രതികരണം നടത്തിയിരുന്നു. ഭരണം പിടിച്ചെടുക്കാന്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നാണ് കെ മുരളീധരന്‍ ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസില്‍ ഒരു വ്യക്തിയല്ല, പാർട്ടിയാണ് തിരുമാനം എടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി പാര്‍ട്ടി നിയോഗിച്ച ഒ ജി ജനീഷിനെ പിന്തുണയ്ക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ജെ കുര്യന്റെ നിലപാട്. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലെന്നും, പത്തുവര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്തുനില്‍ക്കുന്ന പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് ഓരോ കോണ്‍ഗ്രസുകാരന്റേയും ഉത്തരവാദിത്വമെന്നും ലോകചരിത്രവും, ഇന്ത്യാ ചരിത്രവും പറഞ്ഞ് വീണ്ടും തമ്മിലടിക്കേണ്ട കാലമല്ല ഇതെന്നും അങ്ങിനെയൊരു ഗ്രൂപ്പൊന്നും കോണ്‍ഗ്രസില്‍ ഇല്ലെന്നുമാണ് കെ മുരളീധരന്റെ അഭിപ്രായം. എന്നാല്‍ യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷ നിയമവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ഭിന്നത രൂക്ഷമാവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.