രാഹുൽ മാങ്കൂട്ടത്തിന്റെ രാജിയെ തുടർന്ന് യൂത്ത് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. രാഹുൽ രാജിവെച്ചിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. സംസ്ഥാനത്ത് അഭിപ്രായ ഐക്യമുണ്ടാക്കി ഒറ്റ പേര് ദേശീയ നേതൃത്വത്തിന് സമർപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദേശം. അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്നും, അതാണ് സംഘടനാ കീഴ് വഴക്കമെന്നും ആവർത്തിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നാണ് വീണ്ടും പുനരാരംഭിച്ചത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പരിഗണിച്ചില്ലെങ്കിൽ സ്ഥാനമൊഴിയുമെന്നാണ് അബിൻ വർക്കിയുടെ നിലപാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭുരിഭാഗം അംഗങ്ങളും അബിൻ വർക്കി സംസ്ഥാന അധ്യക്ഷനാവണമെന്ന നിലപാടുകാരാണ്. അബിൻ വർക്കിയെ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗത്വം രാജിവെക്കുമെന്നുള്ള അംങ്ങളുടെ നിലപാടും കമ്മിറ്റി അംഗങ്ങൾ കെ പി സി സി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കയാണ്.
അബിൻ വർക്കിയെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വീണ്ടും ഹൈക്കമാന്റിന് കത്തയച്ചു. രാഹുൽ രാജി പ്രഖ്യാപിച്ച അതേദിവസം തന്നെ ചെന്നിത്തല എ ഐ സി സി നേതൃത്വത്തിന് മുന്നിൽ അബിൻ വർക്കിയെ പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്നും, ഒരാൾക്ക് ഒരു പദവിയെന്ന തത്വം പരിഗണിച്ച് വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനാക്കമെന്ന് ആവശ്യമുയർന്നിരുന്നു. ലൈംഗിക ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തെതുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്നത്. എ ഐ സി സിയുടെ നിർദേശത്തെ തുടർന്നായിരുന്നു രാഹുലിന്റെ രാജി. ഇതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ചൊല്ലി നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബിനു ചുള്ളിയെ തൽക്കാലം അധ്യക്ഷപദവി ഏൽപ്പിക്കാനും രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങിയതിന് ശേഷം പുതിയ അധ്യക്ഷനെ സമവായത്തിലൂടെ കണ്ടെത്താനുമാണ് നീക്കം. നേരത്തെ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തീരുമാനിച്ചിരുന്നത് രാഹുൽ ബ്രിഗേഡിന്റെ അഭിമുഖത്തിലൂടെയും മറ്റുമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സംഘടനാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയാണ് അധ്യക്ഷപദവിയിലേക്ക് എത്തിയതെങ്കിലും അഭിമുഖം നടത്തിയാണ് പ്രഖ്യാപനം നടത്തിയതെന്നാണ് ഒരു വിഭാഗം പറയുന്നത്. അഭിപ്രായ സമന്വയത്തിലൂടെയും അഭിമുഖത്തിലൂടെയും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതായിരിക്കും തർക്കങ്ങൾ ഒഴിവാക്കാനുള്ള മാർഗമായി നേതൃത്വത്തിനു മുന്നിലുള്ളത്.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുൻഷി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ആരെ കൊണ്ടുവരണമെന്ന വിഷയത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. കെ പി സി സി അധ്യക്ഷനും യൂത്ത് കോൺഗ്രസ് അധ്യക്ഷനും ക്രൈസ്ത വിഭാഗത്തിൽ നിന്നും ആയാൽ അത് തിരിച്ചടിയാവുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. എന്നാൽ അത്തരത്തിലൊരു ചർച്ചകൾക്ക് ഇടമില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ നിലപാട്.
അബിൻ വർക്കിയെ അധ്യക്ഷനായിപരിഗണിക്കുന്നതിൽ കെ സി വേണുഗോപിലിന് താല്പര്യമില്ലെന്നാണ് വിവരം. എന്നാൽ സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്നും മാറേണ്ടിവന്നാൽ ചുമതലകൾ ഏറ്റെടുക്കേണ്ടത് വൈസ് പ്രസിഡന്റാണ്. ഇക്കാര്യം ഭരണഘടനയിൽ പ്രത്യേകം നിർദേശമുണ്ടെന്നും, അതിനാൽ കാലാവധി പൂർത്തിയാവാത്തൊരു കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ അബിൻ വർക്കിക്ക് ചുമതല കൈമാറണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിലപാട്. സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ അബിൻ വർക്കിയെ വൈസ് പ്രസിഡന്റായി പരിഗണിച്ചതും ഭരണഘടന പ്രകാരമായിരുന്നു. സാമൂദായിക സമവാക്യം പാലിക്കണമെന്ന ആവശ്യം നേതാക്കൾ ശക്തമായി ഉന്നയിച്ചാൽ അബിൻ വർക്കിയുടെ സാധ്യത മങ്ങും. കെ എം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കുകയും അബിൻ വർക്കിയെ ദേശീയ ജന.സെക്രട്ടറിയാക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.