യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിക്കെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനം. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമർശനം ഉയർന്നത്.
ചിത്രത്തിൻെറ ബാക് ഗ്രൌണ്ടിൽ അബിൻ വർക്കിയുടെ ചിത്രവും കാണാം. തോളിൽ കൈയ്യിട്ട് നടന്നവൻെറ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകം. പിന്നിൽ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും വിമർശനം ഉണ്ട്. ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവർ കണ്ണാടിയിൽ നോക്കണമെന്നും നേതാക്കൾ.
ഷാഫി പറമ്പിലിൻെറയും രാഹുൽ മാങ്കൂട്ടത്തിലിൻെറയും വിശ്വസ്തനായ കണ്ണൂർ ജില്ലാ പ്രസിഡൻറ് വിജിൽ മോഹനനാണ് അബിൻ വർക്കിക്കെതിരെ കടുത്ത നീക്കം നടത്തിയത്. ഇതിന് പിന്നാലെ അബിനെ ലക്ഷ്യം വെച്ചുളള ശകാര വർഷമാണ് വാട്സാപ്പ് ഗ്രൂപ്പിൽ നടന്നത്. ഒരുത്തൻെറ ചോരയിൽ ചവിട്ടി നേതാവാകാം എന്നാരും വിചാരിക്കേണ്ടെന്ന കുറിപ്പിൽ എ ഗ്രൂപ്പിൻെറ നീക്കത്തിന് പിന്നിലെ ലക്ഷ്യവും വെളിവാക്കപ്പെട്ടു. തമ്മിലടി മുറുകിയതോടെ ദേശീയ സെക്രട്ടറി പുഷ്പലത ഇടപെട്ട് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി മാറ്റി. രാഹുൽ മാങ്കൂട്ടത്തിലിൻെറ ഒഴിവിൽ പുതിയ സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാൻ
നിശ്ചയിച്ച സാഹചര്യത്തിലാണ് തമ്മിലടി.
അബിൻ വർക്കിയെ അധ്യക്ഷനാക്കാൻ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും കെ.എം.അഭിജിത്തിനെ അധ്യക്ഷനാക്കാൻ എം.കെ.രാഘവൻ എം.പിയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളളിയിലിനാണ്
കെ.സി.വേണുഗോപാലിൻെറ പിന്തുണ. സാമുദായിക സംതുലനം കൂടി പാലിച്ചായിരിക്കും തീരുമാനം. സംസ്ഥാന നേതാക്കൾ ചർച്ച ചെയ്ത് നിർദ്ദേശം
വെച്ചാൽ ഹൈക്കമാൻഡ് തീരുമാനം എടുത്ത് പ്രഖ്യാപിക്കും.
അതേസമയം, ഹുലിന് തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്ത് എത്തിയ അബിൻ വർക്കിക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അബിൻ വർക്കിക്കായി സമ്മർദ്ദം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയിലിൻ്റെ പേരും സജീവമായി ഉയർന്നു കേൾക്കുന്നു. കെ.സി വേണുഗോപാലിന്റെ പിന്തുണയാണ് ബിനു ചുള്ളിയിലിൻ്റെ കരുത്ത്.
എന്നാൽ രാജി ആവശ്യം ഉയരുന്നുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നാണ് കോൺഗ്രസിൻെറ നിലപാട്.