‘രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ അത് തെളിയിക്കണം’; സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അശ്ലീല സന്ദേശ വിവാദം സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയായി. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണം, നിയമപരമായി മുന്നോട്ട് പോകണം” എന്ന സന്ദേശമാണ് ഗ്രൂപ്പിൽ പങ്കുവച്ചത്. വനിതാ നേതാവാണ് ശബ്ദ സന്ദേശം അയച്ചത്. ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്. സംസ്ഥാന കമ്മിറ്റിയെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് വാർത്തകൾ പുറത്തുപോകുന്നതെന്നും വാട്സാപ്പ് ഗ്രൂപ്പിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ അടിയന്തര ചർച്ച നടത്തണം, സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണമെന്നും ശബ്ദ സന്ദേശത്തിൽ ആവശ്യപ്പെട്ടു. “ഒരു വ്യക്തിക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉയർന്നാൽ ഒരാളെങ്കിലും അത് വിശ്വസിക്കും വിശ്വസിക്കും, അതിനാൽ മറുപടി കൊടുക്കണം” എന്നും വനിതാ നേതാവ് അഭിപ്രായപ്പെട്ടു. പേര് വലിച്ചിഴച്ച മാധ്യമപ്രവർത്തകർക്കെതിരെയും നിയമപരമായി നടപടികൾ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
യുവനേതാവിനെതിരായ അശ്ലീല സന്ദേശ ആരോപണത്തിൽ കരുതലോടെ പ്രതികരിക്കാനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ എടുത്തുചാടി പ്രതികരിക്കേണ്ടെന്ന് നേതൃത്വത്തിന്റെ തീരുമാനം.

യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ റിനി തയാറായിട്ടില്ല.