രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുന്നു. അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നുമാണ് വിമര്‍ശനം. ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികള്‍ രാഹുലിനെ വിമര്‍ശിച്ചത്.
വിമർശനം കടുത്തതോടെ രാഹുൽ വേദി വിട്ടു പിന്നീട് തിരികെയെത്തി. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർദേശം നൽകിയിരുന്നു. 15 നകം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ അറിയിച്ചിരുന്നു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധനസമാഹരണത്തില്‍ പാളിച്ചയില്ലെന്ന് രാഹുൽ ഇന്ന് വ്യക്തമാക്കിയിരുന്നു. പിരിവ് പൂര്‍ത്തിയാക്കാത്ത ഘടകങ്ങള്‍ക്കെതിരെയാണ് നടപടി പൂര്‍ത്തിയാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് വയനാട്ടില്‍ സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണെന്നും രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃകാവീട് പൂര്‍ത്തിയാക്കാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.