എസ്എഫ്‌ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുംകൊണ്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പരാമര്‍ശത്തിന് കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനം. ബഹുമാനപൂര്‍വ്വം കുര്യന്‍ സാര്‍ എന്നാണ് വിളിച്ചിരുന്നതെന്നും ഇനി അങ്ങിനെ വിളിക്കില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍ പ്രതികരിച്ചു. പീഡനക്കേസില്‍ പ്രതിയായിട്ടല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടിവിയില്‍ കാണുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിനുവും ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലാക്കാനുള്ള വാര്‍ത്ത പങ്കുവച്ച് കണ്ണുള്ളവര്‍ കാണട്ടേയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും പി ജെ കുര്യനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഒളിയമ്പെയ്തു.
സമരം ചെയ്യുന്ന എസ്എഫ്‌ഐയെ കണ്ടു പഠിക്കണണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെ ടിവിയില്‍ മാത്രമാണ് കാണുന്നതെന്നുമായിരുന്നു പിജെ കുര്യന്റെ വിമര്‍ശനം. തെരുവിലെ സമരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന് കുര്യനെ അതേ വേദിയില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുത്തിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അനുകൂല പേജുകളില്‍ കുര്യന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കുര്യനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു.
കഴിഞ്ഞ 9 വര്‍ഷമായി യൂത്ത് കോണ്‍ഗ്രസ് സമര പോരാട്ടത്തിലാണെന്നും ഇനി കുര്യന്‍ സാര്‍ എന്ന് വിളിക്കില്ലെന്നും ജിതിന്‍ ജി നൈനാന്‍ പ്രതികരിച്ചു. കൊടിയ മര്‍ദ്ദനമേറ്റ് പല നേതാക്കളും ജയിലില്‍ പോയി. പൊലീസിന്റെ ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ ഇപ്പോഴത്തെ പരാമര്‍ശം അംഗീകരിക്കില്ലെന്നും ജിതിന്‍ ആഞ്ഞടിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലും സോഷ്യല്‍ മീഡിയയില്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ വിജയ് ഇന്ദുചൂഢനെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തതിനു പിന്നാലെയായിരുന്നു പോസ്റ്റ്. കെപിസിസിയുടെ പുതിയ നേതൃത്വത്തെ വേദിയില്‍ ഇരുത്തിക്കൊണ്ട് മുതിര്‍ന്ന നേതാവിന്റെ വിമര്‍ശനം പത്തനംതിട്ടയിലെ പാര്‍ട്ടിയില്‍ ഇതിനകം തന്നെ ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട്. പിജെ കുര്യനെതിരെ ഒരു വിഭാഗം നേതാക്കള്‍ ഇതിനോടകം പാര്‍ട്ടിയെ അതൃപ്തി അറിയിച്ചതായാണ് വിവരം.