ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് സഹായധനം നൽകാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുനിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം. കെഎസ്ഇബി ഇതിനുമുന്‍പ് 5 ലക്ഷം രൂപ നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ. കൃഷ്ണൻകുട്ടി മിഥുനിന്റെ വീട്ടിലെത്തി കൈമാറും.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായമായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂൾ മാനേജ്മെന്റ് 10 ലക്ഷം രൂപ മിഥുനിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പുറമേ, മിഥുനിന്റെ കുടുംബത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖാന്തിരം വീട് നിർമിച്ച് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതിനിടെ കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, മാനേജരേയും പൊലീസ് പ്രതിചേർത്തു. പ്രധാന അധ്യാപികയെ കൂടാതെ KSEB അസിസ്റ്റന്റ് എഞ്ചിനീയറും പ്രതിപ്പട്ടികയിലുണ്ട്. വൈദ്യുത കമ്പികൾ അപകടകരമായ രീതിയിൽ താണുകിടന്നിട്ടും നടപടി എടുത്തില്ലെന്നും പൊലീസ് കണ്ടെത്തി. അതിനിടെ, മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം.