‘ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം’; ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ആഞ്ഞടിച്ച് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സന്യാസികൾക്കും വൈദികർക്കും വഴി നടക്കാൻ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശത്തിന് വേണ്ടി മാത്രമാണ് സഭയുടെ പോരാട്ടം. സഭയ്ക്ക് ഇത്‌ രാഷ്ട്രീയ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നതെന്ന് പറയാൻ സഭക്ക് മടിയില്ല. നാട്ടിലെ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഭരണ സ്ഥാനത്തിരിക്കുന്നവർ രാജിവെച്ച് ഒഴിയണം. ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം. ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്.

അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എം വി ഗോവിന്ദൻ വിഷയത്തിൽ പക്കാരാഷ്ട്രീയം പറയുന്നു. സഭ ഇതിനെ രാഷ്ട്രീയമായി കാണുന്നില്ല. കേക്കും ലഡുവുമായി തന്റെ അരമനയിൽ ആരും വന്നിട്ടില്ലെന്നും ബിഷപ്പ് പാംപ്ലാനി കൂട്ടിച്ചേർത്തു.