Headlines

“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല”; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.

കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. “മനുഷ്യക്കടത്ത് നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചുകൊടുക്കുന്നവരാണ് കന്യാസ്ത്രീകൾ,” അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾ സമൂഹത്തിൽ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെയും മാനുഷിക പ്രവർത്തനങ്ങളെയും ഉയർത്തിക്കാട്ടുന്ന തരത്തിലായിരുന്നു ബിഷപ്പിന്റെ വാക്കുകൾ.

അതേസമയം കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കേരളത്തിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എൽ.എ. റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക് തിരിച്ചിട്ടുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ക്ഷണിക്കാനും നിയമസഹായം ഉറപ്പാക്കാനും ലക്ഷ്യമിട്ട് യു.ഡി.എഫ് എം.പി.മാരുടെ സംഘം ഛത്തീസ്ഗഢിലെ റായ്പൂരിലെത്തിയിട്ടുണ്ട്.