Headlines

അമ്മ സംഘടനാ തിരഞ്ഞെടുപ്പ്; ‘ഒരു സ്ത്രീ അമ്മയുടെ തലപ്പത്തേക്ക് വരുന്നെങ്കിൽ പിന്മാറാൻ തയ്യാർ’; ജ​ഗദീഷ്

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. നേതൃത്വത്തിലേക്ക് വനിത വരുന്നത് അംഗീകരിച്ച് പിന്മാറുന്നതായ് ജ​ഗ​ദീഷ് പറഞ്ഞു. ഇന്ന് രാത്രി തീരുമാനമെടുക്കുമെന്ന് ജഗദീഷ് വ്യക്തമാക്കി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നുവരുമായി രാത്രി സംസാരിക്കും. നോമിനേഷൻ നൽകിയപ്പോൾ ഇവരുടെ ആശിർവാദം വാങ്ങിയിരുന്നു. ഒരു സ്ത്രീ അമ്മയുടെ തലപ്പത്തേക്ക് വരുന്നെങ്കിൽ പിന്മാറാൻ തയ്യാറാണന്ന് അദേഹം വ്യക്തമാക്കി.

പിന്മാറുന്ന വിഷയത്തിലും മൂന്നുപേരുടെയും അഭിപ്രായം തേടും. 2021ൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതും സ്ത്രീ പ്രാതിനിധ്യത്തിന് വേണ്ടി എന്ന് ജഗദീഷ് പറഞ്ഞു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. ജ​ഗദീഷിനെ കൂടാതെ ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ബാബുരാജ്, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. അമ്മ സംഘടന തിരഞ്ഞെടുപ്പ് ഓ​ഗസ്റ്റ് 15നാണ് നടക്കുക. മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27ന് രാജിവെച്ചിരുന്നു. പിന്നാലെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടന്നത്.