Headlines

കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യസഭയിൽ ചർച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളികന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യസഭയിൽ ചർച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യസഭയിൽ ചർച്ചയില്ല. ചർച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭ ഉപാധ്യക്ഷൻ തള്ളി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ രണ്ട് മണിവരെ പിരിഞ്ഞു. കേരളത്തിൽ നിന്നുള്ള നാല് പ്രതിപക്ഷ എംപിമാരാണ് നോട്ടീസ് നൽകിയത്. എന്നാൽ എല്ലാ നോട്ടീസുകളും തള്ളുകയായിരുന്നു. പ്രതിഷേധം തുടർന്നതോടെയാണ് സഭ പിരിഞ്ഞത്.

പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധിച്ചത്.സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി സഭാ കവാടത്തിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചിരുന്നു. മുദ്രവാക്യങ്ങൾ മുഴക്കിയാണ് യുഡിഎഫ് എംപിമാർ ധർണ നടത്തിയത്.

കന്യാസ്ത്രികളുടെ അറസ്റ്റിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്. യുഡിഎഫ് എംപിമാരുടെ സംഘം ഛത്തീസ്ഗഢിലെ റായ്പൂരിലെത്തി. സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും എൽഡിഎഫ് എം പിമാരും ഛത്തീസ്ഗഡിലേക്ക് തിരിക്കും. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‍റങ്ദൾ വാദം പൊളിയുകയാണ്. മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രികൾക്കൊപ്പം എത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി പറഞ്ഞു.