പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരേയും വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. ഓപ്പറേഷൻ മഹാദേവിലൂടെയാണ്
നിരപരാധികളെ കൊലപ്പെടുത്തിയവരെ വധിച്ചത്. ഓപ്പറേഷൻ മഹാദേവനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. മെയ് 22 ന് ഇന്റാലിജൻസ് ബ്യുറോക്ക് ഭീകരവാദികളെ സംബന്ധിച്ച് സൂചന ലഭിച്ചു. സാറ്റലൈറ്റ് ഫോൺ സിഗ്നലുകളെ കണ്ടെത്താൻ ജൂലൈ 22 വരെ ശ്രമം തുടർന്നുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരവാദികളെയും വധിച്ചു. സ്ഥിരീകരണത്തിനായി, എൻഐഎ കസ്റ്റഡിയിലുള്ള ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം കാണിച്ചു. പുൽമേട്ടിൽ ഉണ്ടായിരുന്നത് ഈ മൂന്ന് പേരാണെന്ന് അവർ സ്ഥിരീകരിച്ചു. പഹൽഗാമിൽ നിന്നുള്ള ഫോറൻസിക് ബാലിസ്റ്റിക് റിപ്പോർട്ടുകളും പരിശോധനകളും ഉപയോഗിച്ച് തീവ്രവാദികളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ ഒന്നുതന്നെയാണെന്ന് സ്ഥിരീകരിച്ചുവെന്ന് അമിത് ഷാ വ്യക്തമാക്കി.
വധിച്ച ഭീകരവാദികളുടെ പേരുകൾ ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തുവിട്ടു. സുലൈമാൻ എന്ന ഫൈസൽ ജാട്ട്, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെയാണ് ഈ ദൗത്യത്തിൽ വധിച്ചത്. “പഹൽഗാം ഭീകരാക്രമണത്തിലും മറ്റ് അത്തരം സംഭവങ്ങളിലും സുലൈമാൻ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് ഞങ്ങളുടെ പക്കലുണ്ട്. എല്ലാവരും ലഷ്കർ-ഇ-തൊയ്ബയുടെ എ-ഗ്രേഡ് തീവ്രവാദികളായിരുന്നു,” അമിത് ഷാ പറയുന്നു.
ഭീകരവാദികളെ അയച്ചവരുടെ താവളങ്ങൾ സൈന്യവും സിആർപിഎഫും നിലംപരിശാക്കി. ഇപ്പോൾ ഭീകരവാദികളെയും വധിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
അതേസയം പ്രതിപക്ഷത്തെ അമിത്ഷാ രൂക്ഷമായി വിമർശിച്ചു. പാകിസ്താനുമായി നിങ്ങൾ സംസാരിക്കാറുണ്ടോ എന്ന് അഖിലേഷ് യാദവിനോട് അമിത് ഷാ ചോദിച്ചു. ഭീകരവാദികളെ കൊലപ്പെടുത്തിയതിലും നിങ്ങൾക്ക് സന്തോഷമില്ലേയെന്നും ചോദിച്ചു. ഭീകരവാദികളുടെ മതം നോക്കി നിങ്ങൾ ദുഃഖിക്കരുത് എന്ന അഖിലേഷിനോട് അമിത് ഷാ പറഞ്ഞു.