തൃശൂർ ചിമ്മിണി ഡാമിൽ വൈദ്യുതി ലൈനിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങൽ വീട്ടിൽ ഖാദറാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണ് ഖാദറിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും കുടുംബവും ആരോപിക്കുന്നു.
രണ്ട് ദിവസമായി വൈദ്യുതി കമ്പിയിൽ വീണുകിടന്ന മരം മുറിച്ചുമാറ്റാൻ കെഎസ്ഇബി തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് വനംവകുപ്പ് ഖാദറിനെ വിളിച്ച് മരം മുറിക്കാൻ ഏർപ്പാടാക്കുകയായിരുന്നു. മരം മുറിക്കുന്നതിന് മുൻപ് വൈദ്യുതി ലൈൻ അഴിച്ചുമാറ്റണമെന്ന് ഖാദർ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി അതിന് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. വൈദ്യുതി കമ്പിയിലൂടെ വഴുതിവീണ മരത്തടിയാണ് അപകടത്തിന് കാരണമായത്. കമ്പി അഴിച്ചുമാറ്റിയിരുന്നെങ്കിൽ ഖാദറിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. കെഎസ്ഇബിയുടെ ഈ അനാസ്ഥയാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
അതേസമയം മരണത്തിൽ കെഎസ്ഇബിക്ക് ഉത്തരവാദിത്വമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. വൈദ്യുതി ലൈൻ കെഎസ്ഇബി ഓഫ് ചെയ്തു നൽകിയിരുന്നുവെന്നും മന്ത്രി അറിയിച്ചു. എന്നാൽ വനംവകുപ്പിനും കെഎസ്ഇബിക്കും വിഷയത്തിൽ ഒരുപോലെ ജാഗ്രതക്കുറവുണ്ടായെനാണ് നട്ടുവക്കാരുടെ ആരോപണം. മരിച്ച ഖാദറിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്.