നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കോട്ടയം കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി
മതസ്പർധ വളർത്താൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിരിക്കുന്നത്. ഓൾ ഇന്ത്യ ഇമാം കൗൺസിലിന്റെ പരാതിയിലാണ് കേസ്. സെപ്റ്റംബർ ഒമ്പതിന് കുറുവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് വിവാദ ആരോപണങ്ങൾ ഉന്നയിച്ചത്
ലൗ ജിഹാദിനൊപ്പം കേരളത്തിൽ നാർകോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപിന്റെ വിവാദ പ്രസംഗം. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നും ബിഷപ് ആരോപിച്ചിരുന്നു.