ആലപ്പുഴ ചേർത്തലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ, കസ്റ്റഡിയിലുള്ള പ്രതിയുടെ വീട്ടിൽനിന്ന് രക്തക്കറ കണ്ടെത്തി. ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ചേർത്തല സ്വദേശി സെബാസ്റ്റ്യൻ. കോട്ടയം സ്വദേശിനി ജൈനമ്മയെ കാണാതായ കേസിലും ഇയാൾ സംശയനിഴലിലാണ്.
ജൈനമ്മ തിരോധാന കേസിന്റെ ചോദ്യം ചെയ്യലിനിടയാണ് ക്രൈം ബ്രാഞ്ചിന് നിർണായക വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതെന്ന് സ്ഥിരീകരിച്ചു. മനുഷ്യ ശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമെന്ന് പ്രാഥമിക നിഗമനം. അതേസമയം ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ.
പിന്നീട് വിശദമായ പരിശോധനയിൽ സമീപത്തുനിന്ന് ഇത് കത്തിക്കാൻ ഉപയോഗിച്ച ഡീസലിന്റെ കന്നാസടക്കം കണ്ടെത്തുകയും ചെയ്തു. പിന്നീട് സെബാസ്റ്റ്യനെ ചോദ്യം ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സെബാസ്റ്റ്യൻ വിട്ടു പറയുന്നില്ല. ഏകദേശം അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.