കാറ്ററിംഗ് നടത്തിയും മീൻ വിറ്റുമാണ് ചലഞ്ച് പൂർത്തിയാക്കിയത്, വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തി’: രാഹുൽ മാങ്കൂട്ടത്തിൽ

വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രാദേശിക ഭരണകൂടം നൽകിയ ലിസ്റ്റ് അനുസരിച്ച് താത്കാലിക വീടുകൾ ഒരുക്കി നൽകി. വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് അഭിമാനത്തോടെ താൻ നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ചലഞ്ചുകൾ നടത്തിയാണ് പണം സമാഹരിക്കാൻ ശ്രമിച്ചത്. വിവാഹ കാറ്ററിംഗ് നടത്തിയും മീൻ വിറ്റും, വാഹനം കഴുകിയുമൊക്കെയാണ് ചലഞ്ച് പൂർത്തിയാക്കിയത്. ക്യാമ്പിനു ശേഷം അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച കാര്യങ്ങളാണ് വാർത്ത ആകുന്നത്. ക്യാമ്പിൽ പങ്കെടുത്ത ഒരാൾ പോലും വയനാട് വിഷയം പറഞ്ഞിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഇന്ന് ഫണ്ട് കളക്ഷൻ ആരംഭിച്ചത് മുതലുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ആർക്കും പരിശോധിക്കാം. ചലഞ്ച് ആരംഭിച്ചത് മുതൽ ഒരു രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിട്ടില്ല. ഒരു രൂപ പിൻവലിച്ചു എന്ന് തെളിയിച്ചാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾ കരുവന്നൂർ ഭരണസമിതി ഒന്നുമല്ല ബാങ്ക് അറിയാതെ പണം പിൻവലിക്കാൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പെട്ടിയുടെ വാർത്ത നൽകി. സർക്കാർ ഒരു കള്ളപ്പണക്കാനരാക്കാൻ ശ്രമിച്ചു. നിലമ്പൂരിൽ സമാനമായ പെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിച്ചു. സ്ഥിരമായി ഒരു സാമ്പത്തിക കുറ്റക്കാരൻ ആക്കാൻ ശ്രമിന്നുവെന്നും രാഹുൽ വിമർശിച്ചു.

ഇടപാടുകൾ എല്ലാം നടത്തിയത് സുതാര്യമായാണ്. 88 ലക്ഷം ഒരു അകൗണ്ടിൽ വന്നു. 780 കോടി രൂപ സമാഹരിച്ച് സർക്കാർ എത്ര വീട് വെച്ചു നൽകിയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയും ദുരിതാശ്വാസനിധിയിൽ പണം നൽകി. ഡിവൈഎഫ്ഐ എന്തിനാണ് കളക്ഷൻ ഏജന്റ് ആകാൻ ശ്രമിക്കുന്നത്.

സർക്കാരിന്റെ ദുരിതാശ്വാസനിധിയെ വിശ്വസിക്കാൻ ആകുമോ. 780 കോടി രൂപ നൽകിയിട്ട് സർക്കാർ നിഷ്ക്രിയരായി ഇരിക്കുന്നു. എന്നിട്ടാണ് സർക്കാർ സ്പോൺസേർഡ് വാർത്ത നൽകുന്നത്. ഭവന നിർമ്മാണത്തിന് ഭൂമി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ടുതവണയാണ് കത്ത് നൽകിയത്. ഇതുവരെ മുഖ്യമന്ത്രി മറുപടി തന്നിട്ടില്ല

30 വീടുകൾ എന്നത് ഞങ്ങളുടെ കമ്മിറ്റ്മെന്റ് ആണ്. കോൺഗ്രസ് കണ്ടെത്തുന്ന ഭൂമിയിൽ 30 വീടുകൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസുകാർ പണം മുക്കി എന്ന പരാതി നൽകിയ ലക്ഷ്മി, അഡ്വക്കേറ്റ് കെ എസ് അരുൺകുമാറിന്റെ സഹപ്രവർത്തിയായ അഭിഭാഷകയാണെന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി റസീപ്റ്റ് വെച്ച് ആർക്കും പണം നൽകിയിട്ടില്ലെന്നും രാഹുൽ വിമർശിച്ചു.

ചലഞ്ച് മാത്രമാണ് നടത്തിയത്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് 14 കമ്മിറ്റികളും പറഞ്ഞു. ഞങ്ങൾ സർക്കാരിനെ വിശ്വാസത്തിൽ എടുക്കുന്നില്ല.ഞങ്ങൾ രണ്ടര ഏക്കർ ഭൂമി നൽകിയിട്ട് സർക്കാരിനോട് പകരം ഭൂമി ചോദിച്ചു. ഇതുവരെ ലഭിച്ചില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.