‘എല്ലാം ഞാൻ അനുഭവിച്ചത്; യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യം’; റിനി ആൻ ജോർജ്ജ്

തന്റെ വെളിപ്പെടുത്തലിലൂടെ യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് യുവനടി റിനി ആൻ ജോർജ്ജ്. എല്ലാം ഞാൻ അനുഭവിച്ചത് മാത്രം. ദേഷ്യപ്പെട്ടിട്ടും പിന്നെയും തുടർന്നു. കൂടുതൽ പറയുന്നില്ല. ഇത്തരത്തിൽ മുന്നോട്ട് പോകുന്നവരെ രാഷ്ട്രീയത്തിൽ വെച്ച് പൊറുപ്പിക്കരുതെന്ന് റിനി പറഞ്ഞു.

ഗുരുതര പ്രശ്നങ്ങൾ നേരിട്ട വേറെയും സ്ത്രീകൾ ഉണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടുണ്ടോ എന്നും റിനി ആൻ ജോർജ് പറഞ്ഞു. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെയോ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാക്കന്മാരെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ താത്പര്യമില്ലെന്ന് റിനി പറഞ്ഞു. ഇത്തരത്തിൽ ആരോപണം വരുന്ന ആളുകളെ നിലനിർത്തണോ എന്ന് ആ പ്രസ്ഥാനം തന്നെ തീരുമാനിക്കട്ടെയെന്ന് റിനി പറഞ്ഞു. അശ്ലീല സന്ദേശങ്ങളാണ് അയച്ചുകൊണ്ടിരുന്നത്. ഒരൊറ്റ ഉദ്ദേശ്യത്തിന്റെ പുറത്തായിരുന്നു മെസേജുകള്‍ അയച്ചുകൊണ്ടിരുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു.

യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ റിനി തയാറായിട്ടില്ല.