ഇ ഡി സമന്‍സില്‍ വൈകാരികതയല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സമന്‍സിലെ ദുരൂഹത പുറത്തുവരണം. ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല, ,സിപിഐഎം സൂക്ഷിക്കണമെന്നാണ് പറഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ ഇഡി നോട്ടീസ് വിവാദത്തില്‍ വളരെ വൈകാരികമായിട്ടാണ് സംസാരിച്ചത്. വൈകാരികതയുടെ ഇടയില്‍ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തു എന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എംഎ ബേബി വരെ പ്രതികരിച്ചു. പിന്നെയാണോ. കുറ്റപ്പെടുത്തിയൊന്നും പറഞ്ഞില്ലല്ലോ. എന്താണ് സംഭവമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലൈഫ് മിഷന്റെ കേസിലാണോ ലാവ്‌ലിന്‍ കേസിലാണോ ഏന്ന് വ്യക്തമാക്കണം. ഇങ്ങനെയൊരു നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് ഉറപ്പിച്ചത് ഇഡിയാണ്. അത് എന്ത് കാര്യത്തിനാണ് എന്ന് മറുപടി പറയേണ്ടത് അദ്ദേഹമാണ്. വൈകാരികമായി കുറേ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. അതല്ല കേരളത്തിന് കേള്‍ക്കാന്‍ താത്പര്യം. ഇത്തരമൊരു കാര്യം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കണമല്ലോ. അതിന് പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട. അതൊക്കെ എം എ ബേബിയുടെ അടുത്ത് മതി എന്റെയടുത്ത് വേണ്ട – അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് പുറത്ത് വന്നില്ല എന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അത് ഇഡി ആണ് വ്യക്തമാക്കേണ്ടത്. ഏത് സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിന്നു പോയത്. ഏത് അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ് നിന്നുപോയത്. ഏത് ഘട്ടത്തിലാണ് അന്വേഷണം വേണ്ട എന്ന് തീരുമാനിച്ചത്. അത് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന് മുകളില്‍ നിന്ന് ഇഡിക്ക് നിര്‍ദേശം വന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. ശരിയാണോ എന്നറിയില്ല. ഇഡിയുടെ മേലുദ്യോഗസ്ഥന്‍മാരാണോ രാഷ്ട്രീയ നേതൃത്വമാണോ ആരിടപെട്ടിട്ടാണ് അത് ഇല്ലാതാക്കിയത് എന്നൊരു ദുരൂഹതയുണ്ട്. ആ ദുരൂഹത വ്യക്തമാക്കണം – അദ്ദേഹം പറഞ്ഞു.