ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കേസന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ഇഡി പുതിയ അപേക്ഷയുമായി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ഇഡിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതും സ്വാധീനം ചെലുത്തിയതും ശിവശങ്കറാണെന്ന് പരാമര്‍ശിക്കുന്ന തരത്തില്‍ പ്രത്യേകാനുമതി ഹര്‍ജിയാണ് ജാമ്യം റദ്ദാക്കാനായി ഇഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം നിയമവാഴ്ചയ്ക്ക് വെല്ലുവിളിയാണ്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്തു കേസില്‍ പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്താൻ ഇഡി നടത്തുന്ന ഗൂഢനീക്കങ്ങള്‍ പുറത്തായതോടെ ഇഡിക്കെതിരെ ശക്തമായ നിലപാടാണു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനു തടയിടാനാണ് ഇഡിയുടെ പുതിയ നീക്കം.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടുയര്‍ന്ന പുതിയ വിവാദങ്ങള്‍ ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതിനു ശേഷമാണ് ശിവശങ്കരന്റെ ജാമ്യം റദ്ദാക്കാന്‍ ഇഡി പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്. ശിവശങ്കറിനു ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഉത്തരവു റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇഡിയുടെ മുന്‍ അപേക്ഷ പരിഗണിച്ചത്.