രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ബിഹാറില്‍ നിതീഷ് യുഗത്തിന് അവസാനമാകുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും. നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാറിനെ ഉപ മുഖ്യമന്ത്രിയാക്കാനും ധാരണയായി. (Rajya Sabha polls)

ആഭ്യന്തരമന്ത്രി അമിത് ഷാ,മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തുടങ്ങിയ നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് മുഖ്യമന്ത്രി നിതിഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അടക്കമുള്ള എന്‍ഡിഎയുടെഅഞ്ച് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

രാജ്യസഭാംഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നു, പുതിയ സര്‍ക്കാരിന് തന്റെ പൂര്‍ണ്ണ പിന്തുണയും മാര്‍ഗനിര്‍ദേശവും ഉണ്ടായിരിക്കുമെന്നും പത്രിക സമര്‍പ്പണത്തിന് മുമ്പ് നിതീഷ് എക്‌സില്‍ കുറിച്ചു.അതേസമയം, മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് നല്‍കുന്നതില്‍ രോക്ഷാകുലരായ ഒരു വിഭാഗം ജെഡിയു പ്രവര്‍ത്തകര്‍ പട്‌നയിലെ പാര്‍ട്ടി ആസ്ഥാനം അടിച്ചു തകര്‍ത്തു. നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിലും വൈകാരിക പ്രതിഷേധങ്ങള്‍ ഉണ്ടായി.

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി അമിത്ഷായുടെ നേതൃത്വത്തില്‍ പട്‌നയില്‍ചര്‍ച്ചകള്‍ നടന്നു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ റായി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജെസ്വാള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. പുതിയ സര്‍ക്കാരില്‍ നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ അടക്കം ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന.

ബിഹാറിലേത് പരിഷ്‌കൃത മഹാരാഷ്ട്ര മോഡല്‍ എന്നും തിരഞ്ഞെടുപ്പിന് ശേഷം നിതീഷിനെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും തേജസ്വി യാദവ് പ്രതികരിച്ചു. പ്രാദേശിക പാര്‍ട്ടികളെ നശിപ്പിക്കുന്നതാണ് ബിജെപിയുടെ രീതിയെന്ന് കപില്‍ സിബല്‍ എംപി പ്രതികരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന നിതീഷ് കുമാറിന്സുഖകരമായ പദവിയൊഴിയലിന് രാജ്യസഭാ തിരഞ്ഞെടുപ്പ് അവസരമാക്കുമ്പോള്‍, അടുത്തവര്‍ഷം ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതിതിരഞ്ഞെടുപ്പ് കൂടി നിതീഷ് കുമാര്‍ ലക്ഷ്യം വയ്ക്കുന്നതായുംഅഭ്യൂഹങ്ങള്‍ ഉണ്ട്.