ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ നടി തൃഷയുമായി ബന്ധപ്പെടുത്തിയുള്ള എഐഎഡിഎംകെ നേതാവിന്റെ പ്രസംഗം വിവാദമായി. അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് അപകീർത്തികരമായി പ്രസംഗിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ അറസ്റ്റിലായിരുന്നു. എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ് ഇപ്പോൾ സമാനമായ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്.ഓഗസ്റ്റ് 8 ന് തൂത്തുക്കുടിയിൽ നടന്ന പാർട്ടി പരിപാടിയിലാണ് എഐഎഡിഎംകെ നേതാവ് തൃഷയെ വിജയുമായി ചേർത്തുവച്ച് പ്രസംഗിച്ചത്. ‘‘വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ ഉപമുഖ്യമന്ത്രിയായി എപ്പോൾ നിയമിക്കുമെന്നു കാണാൻ തമിഴ്‌നാട് കാത്തിരിക്കുന്നു’’ – എന്നായിരുന്നു ഉദയകുമാർ പറഞ്ഞത്. കാവേരിയിൽനിന്നു ജലം കൊണ്ടുവരുന്നതിൽ വിജയ് പരാജയപ്പെട്ടെന്നും എഐഎഡിഎംകെ നേതാവ് വിമർശിച്ചു. നടിക്കെതിരെയുള്ള പരാമർശത്തിൽ തൃഷ ഫാൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.









