മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കയാണ്. 2023 ല്‍ മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിന് നോട്ടീസ് അയച്ചിരുന്നതായി ഇ ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ വ്യക്തതതേടിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് ഇ ഡി നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നോ, രാഷ്ട്രീയമായി നേരിടുമെന്നോ അന്നും ഇന്നും സി പി ഐ എം നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരെ ഇ ഡി നോട്ടീസ് അയച്ചകാര്യം ഉന്നതര്‍തന്നെ മൂടിവെച്ചെന്നാണ് ആരോപണം.
ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്ന പ്രതിഷേധത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഇ ഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് വിവേക് കിരണിന് നോട്ടീസ് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പി എ സി എന്‍ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടതോടെ ഇ ഡി അനേഷണം അവസാനിച്ചുവെന്ന് പ്രതിപക്ഷം അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മേല്‍വിലാസത്തില്‍ ഇ ഡി നോട്ടീസ് അയച്ചതും, മുഖ്യമന്ത്രിയുടെ മകന് ചോദ്യം ചെയ്യലിന് ഹാജരാവാത്തതും ഇ ഡി അധികൃതരും പിന്നീട് വിട്ടുകളയുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേക് കിരണിന്റെ പേരില്‍ ഇ ഡി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.ഇ ഡിയുടെ കൊച്ചി ഓഫീസില്‍ നിന്നാണ് നോട്ടീസ് അയച്ചിരുന്നത്.
യു എ ഇ യുടെ റെഡ് ക്രസന്റിന്റെ സാമ്പത്തിക സഹായത്തോടെ ലൈഫ് മിഷന് സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വന്‍ അഴിമതിയായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന് തട്ടിപ്പ്. നിര്‍മാണ കരാര്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലിയായി സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യുണിടാക് കണ്‍സ്ട്രക്ഷന്‍സ് നാലുകോടിയില്‍പരം തുക നല്‍കിയെന്നായിരുന്നു കേസ്. ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരായ ശിവശങ്കരനെ ഇ ഡി പിന്നീട് അറസ്റ്റു ചെയ്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിന് ഇ ഡി നോട്ടീസ് ആയച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 2023 ഫെബ്രുവരിയില്‍ വിവേക് കിരണിന് നോട്ടീസ് ലഭിച്ചുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
ഇതേ കാലത്തുതന്നെയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനി ചെയ്യാത്ത സേവനത്തിന് വേതനം കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നത്.പിണറായിയുടെ മകനെതിരെ ഇ ഡി നോട്ടീസ് അയച്ചിരുന്നുവെന്ന വിവരം എന്തുകൊണ്ടാണ് ഒളിച്ചുവച്ചതെന്ന് വ്യക്തമല്ല. സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കുന്ന കാലത്ത് ഉയര്‍ന്നുവന്ന അഴിമതി കേസായിരുന്നു വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് തട്ടിപ്പുകേസ്.
ഇ ഡി അയച്ച നോട്ടീസില്‍ മുഖ്യമന്ത്രിയുടെ മകന് രണ്ടു വര്‍ഷമായിട്ടും ഹാജരാവാത്ത വിവരം പുറത്തുവന്നതോടെ ഇ ഡി നടപടികള്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവേക് കിരണിന് വീണ്ടും നോട്ടീസ് അയക്കാനും, കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുമാണ് നീക്കം.
കരിമണല്‍, മാസപ്പടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മകനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ സി പി ഐ എം പ്രതിരോധത്തിലാവും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ഇതേ നീക്കമായിരുന്നു ഇ ഡി കരിമണല്‍ കേസില്‍ നടത്തിയിരുന്നത്. പിന്നീട് ഇ ഡി അന്വേഷണം ഇഴഞ്ഞു. എസ് എഫ് ഐ ഒ കേസന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ എസ് എഫ് ഐ ഒ യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ അന്തിമമായൊരു തീരുമാനം കൈക്കൊണ്ടിരുന്നില്ല.