കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ റബിന്‍സിനെ കോടതി റിമാന്റു ചെയ്തു.ഈ മാസം അഞ്ചുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി റിമാന്റ് ചെയ്തത്.നേരത്തെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച് അറസ്റ്റു ചെയ്ത കേസിലെ പത്താം പ്രതിയായ റബിന്‍സിനെ കോടതി ഏഴുദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.റബിന്‍സ് സ്വര്‍ണ്ണക്കടത്തിനായി കൂട്ടു പ്രതികളായ ഫൈസല്‍ ഫരീദ്,കെ ടി റമീസ്,ജലാല്‍,മുഹമ്മദ് ഷാഫി,പി ടി അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, സിദ്ദീഖുല്‍ അക്ബര്‍ അടക്കമുള്ളവരുമായി ഗൂഡാലോചന നടത്തിയതായി എന്‍ ഐ എ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിപ്ലോമാറ്റിക് ബാഗിലൂടെ ദുബായില്‍ നിന്നും സ്വര്‍ണക്കടത്തിനായി റബിന്‍സ് പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ ഐ എ കോടതിയില്‍ ചൂണ്ടിക്കാട്ടി.നേരത്തെയും പലതവണ റബിന്‍സ് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.യുഎഇ കേന്ദ്രീകരിച്ച് നടത്തിയ സ്വര്‍ണക്കടത്തിന് ഫണ്ട് ശേഖരണത്തിന് അടക്കം ചുക്കാന്‍ പിടിച്ചത് റബിന്‍സാണെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ ഇന്ന് റബിന്‍സിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പിഎസ് സരിത് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്തു വരികയാണ്.ശിവശങ്കറില്‍ നിന്നും ലഭിച്ച മൊഴിയും സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവര്‍ നല്‍കിയ മൊഴികളും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും മറ്റുമാണ് ഇവരെ വീണ്ടും ഇ ഡി ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്ക് കമ്മീഷനും ഐഫോണുകളും നല്‍കിയതായി യൂണിടാക് എംഡി സന്തോഷ് ഇപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിലൊരുഐഫോണ്‍ ശിവശങ്കര്‍ ആണ് ഉപയോഗിച്ചിരുന്നതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ എന്നിവരെ ഹൈക്കോടതി വെവ്വേറെയും ശിവശങ്കരനൊപ്പമിരുത്തിയും ചോദ്യം ചെയ്തിരുന്നു.