തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
സമരം മൂലം കടയടച്ച് റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളോട് ചേര്‍ന്ന് റേഷന്‍ കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ നീക്കത്തോടാണ് വ്യാപാരികളുടെ എതിര്‍പ്പ്. തിരുവനന്തപുരത്ത് പുളിമൂട്ടിലാണ് ആദ്യത്തെ സപ്ലൈക്കോ റേഷന്‍ കടയുടെ ഉദ്ഘാടനം. സര്‍ക്കാര്‍ റേഷന്‍ കടകള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് റേഷന്‍ വ്യാപാരികളുടെ വാദം. കറുത്ത ബാഡ്ജ് ധരിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കും. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.