കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാല് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്‌സല്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ കേസില്‍ പ്രതിയായതിനാല്‍ കെ ടി റമീസിന് ജയിലില്‍ നിന്ന് ഉടനെ പുറത്തിറങ്ങാനാകില്ല.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 ന് ഹാജരാക്കാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. എന്‍ഐഎ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. കൂടാതെ സ്വപ്നയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബോധ്യമായതോടെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിനുളള കോഫേ പോസ നടപടികള്‍ കസ്റ്റംസ് തുടങ്ങിയിട്ടുണ്ട്.