സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുകളുണ്ടാകും

സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നവരാണ് ഇവര്‍.

ഇവരില്‍ നിന്ന് കൂടുതല്‍ പ്രതികളുടെ സൂചന കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിക്കുന്ന ജലാല്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ കീഴടങ്ങലും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി പിടികൊടുക്കാതെ കഴിഞ്ഞിരുന്ന ജലാല്‍ നാടകീയമായി കീഴടങ്ങിയതിന് പിന്നില്‍ മറ്റാരിലേക്കെങ്കിലും അന്വേഷണം എത്താതിരിക്കാനുള്ള ശ്രമമാണോയെന്നാണ് സംശയിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ റമീസുമായി ജലാലിന് ബന്ധമുണ്ട്. ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. പ്രത്യേക അറ സജ്ജീകരിച്ചിരുന്ന കാറാണ് കണ്ടെത്തിയത്.