കൊച്ചി:ഡിബ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി മാനങ്ങള്‍ കൈവന്ന സാഹചര്യത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരേ സമയം കസ്റ്റംസ് അന്വേഷണത്തിനൊപ്പം സി ബി ഐ അന്വേഷണംകൂടി നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി സി ബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തി. രണ്ടംഗ സി ബി ഐ സംഘമാണ് കസ്റ്റംസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. കേസ് സി ബി ഐ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിനിടെ വെറും സ്വര്‍ണക്കടത്ത് എന്നതിലുപരി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര ബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ളതാണ് കേസ് എന്നതിനാല്‍ എന്‍ ഐ എയും ഇത് സംബന്ധിച്ച് അന്വേഷണത്തിന് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. കേസ് വിവരം അറിയാന്‍ എന്‍ ഐ എ സംഘവും കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.