സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി, കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സ്വർണക്കടത്ത് കേസുമായി ബന്ധെപ്പെട്ട് സ്വപ്ന സുരേഷിൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. കേസിൽ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിൻറെ ഫ്‌ലാറ്റിൽ കസ്റ്റംസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിന് പുറത്തേക്ക് സ്വപ്ന പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തു. ഒളിവിൽ കഴിയുന്ന സ്വപ്നക്കായി അന്വേഷണം ഊർജിതമാക്കിയതായി കസ്റ്റംസ് അറിയിച്ചു

കേസിൽ അറസ്റ്റിലായ സരിത്തിനെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. മറ്റ് സ്വർണ്ണക്കടത്ത് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു.

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സ്വർണക്കടത്തിൽ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐടി വകുപ്പ് സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടിരുന്നു.